പത്തനംതിട്ടയിലെ റോഡുകളുടെ ദുരവസ്ഥ: ജല അഥോറിറ്റിക്കെതിരേ നടപടിയുമായി ഗതാഗത ഉപദേശകസമിതി
1297515
Friday, May 26, 2023 10:52 PM IST
പത്തനംതിട്ട: നഗരത്തിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ മൂടുന്നതിനും റോഡിന് വശങ്ങളിലായുള്ള മൺകൂനകളും തിട്ടകളും നീക്കം ചെയ്തു റോഡുകൾ പൂർവ സ്ഥിതിയിലാക്കുന്നതിലും ജല അഥോറിറ്റി കാട്ടുന്ന നിസംഗതയ്ക്കെതിരേ ഗതാഗത ഉപദേശകസമിതി.
ജലവിതരണത്തിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ കുമ്പഴ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയും അടൂർ റോഡിൽ സ്റ്റേഡിയം ജംഗ്ഷൻ വരെയുമാണ് ജല അഥോറിറ്റി കരാറുകാരായ ലോട്ടസ് കമ്പനി കുഴികളെടുത്തത്. പ്രതിഷേധം ശക്തമായതോടെ കമ്പനി കുഴികൾ മണ്ണിട്ട് നികത്തുന്ന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മൺകൂനകൾ മൂലം ഗതാഗത തടസം രൂക്ഷമായി. മഴയിൽ ചെളിയും ചൂടിനൊപ്പം പൊടിയും നഗരത്തിനു ശാപമായി മാറിയിരിക്കുകയാണ്.
മേയ് 31 നകം പണികൾ പൂർത്തീകരിക്കണമെന്ന് ജല വിഭവ മന്ത്രി വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ കാര്യങ്ങളിൽ പുരോഗതിയുണ്ടായില്ല. 31നകം പണികൾ പൂർത്തീകരിച്ച് റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് ജില്ലാതലത്തിൽ നടന്ന യോഗങ്ങളിലും കരാറുകാരൻ നൽകിയിരുന്നതാണ്. എന്നാൽ സർവീസ് കണക്ഷൻ നൽകുന്ന ജോലി തുടരുകയാണ്.
ജൂൺ ഒന്നിന് അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നഗരസഭാ ചെയർമാൻ ഗതാഗത ഉപദേശകസമിതിയുടെ അടിയന്തര യോഗം ഇന്നലെ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ വിളിച്ചു ചേർത്തത്.
ജലവിഭവ വകുപ്പിന്റെ ഉപദേശക സമിതി യോഗവും കഴിഞ്ഞ ദിവസം ചെയർമാന്റെ നിർദേശപ്രകാരം കൂടിയിരുന്നു. കരാറുകാരനെതിരേ ശക്തമായ നടപടി വേണമെന്ന പൊതു നിർദ്ദേശമാണ് യോഗത്തിൽ ഉയർന്നത്. സർവീസ് ലൈനുകൾ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കായി രണ്ടാഴ്ച കൂടി വേണ്ടി വരുമെന്നാണ് ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഉപദേശക സമിതിയെ അറിയിച്ചത്.
റോഡ് പൂർവസ്ഥിതിയിലാക്കാൻ മൺകൂനകൾ നിരത്തി വെറ്റ് മിക്സ് ഉപയോഗിച്ച് താത്കാലികമായി പ്രവൃത്തി നടത്താൻ കേരള ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 413 വകുപ്പ് പ്രകാരം നോട്ടീസ് നൽകാൻ ഗതാഗത ഉപദേശകസമിതി നഗരസഭ സെക്രട്ടറിയോടു നിർദേശിച്ചു. നഗരത്തിൽ പാർക്കിംഗിനായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തണമെന്ന നിർദേശം യോഗം നഗരസഭ കൗൺസിലിലേക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്തെ ട്രാഫിക് നിയന്ത്രണത്തിനായി പത്ത പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോടും നിർദേശിച്ചു. ജനറൽ ആശുപത്രിയുടെ സമീപം ആംബുലൻസ് പാർക്കിംഗ് കർശനമായി നിരോധിക്കുന്നതിനും റിംഗ് റോഡിന്റെ വശങ്ങളിൽ ഭാരവാഹനങ്ങൾ നിരോധിക്കുന്നതിനും യോഗം തീരുമാനിച്ചു.