പ്ലസ്ടു ഫലത്തിൽ നിറം മങ്ങി ജില്ല ; അടിസ്ഥാന കാരണം കണ്ടെത്താതെ ചികിത്സ
1297511
Friday, May 26, 2023 10:52 PM IST
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെച്ചപ്പെടുത്താനാകാതെ പത്തനംതിട്ട.
പ്ലസ്ടു ഫലം വന്നപ്പോള്‍ സംസ്ഥാനത്തെ പതിന്നാലാം സ്ഥാനത്തായ പത്തനംതിട്ടയുടെ പിന്നാക്കാവസ്ഥയുടെ കാരണം തേടി വീണ്ടും ചര്‍ച്ചകള്‍ സജീവം. 82 സ്കൂളുകളിലായി പരീക്ഷ എഴുതിയ 11,249 കുട്ടികളില്‍ 8,616 പേരാണ് ഇത്തവണ ഉപരിപഠന യോഗ്യത നേടിയത്.
രജിസ്റ്റര്‍ ചെയ്തവരില്‍ത്തന്നെ 77 പേര് പരീക്ഷാഹാളിലെത്തിയിട്ടില്ല. എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാന ശരാശരിക്ക് ആനുപാതികമായി വിജയം കൊയ്യുന്ന പത്തനംതിട്ടയില്‍ തുടര്‍ പഠനത്തിന് എല്ലാ കുട്ടികള്‍ക്കും സീറ്റ് ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി മെച്ചപ്പെട്ട വിജയം നേടിയ സ്കൂളുകളുമുണ്ട്.
നമ്മളെത്തും
മുന്നിലെത്തും!
ഹയര്‍ സെക്കന്‍ഡറി വിജയശതമാനത്തില്‍ പത്തനംതിട്ട ജില്ലയെ മുന്നിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയാണ് നമ്മളെത്തും മുന്നിലെത്തും എന്നത്. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക ക്ലാസുകള്‍ അടക്കം ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാല്‍, ഇതിന്റെ പ്രയോജനം എല്ലാ തട്ടിലേക്കും എത്തിയിട്ടില്ല. പദ്ധതി വൈകിത്തുടങ്ങുന്നതും അധ്യാപകര്‍ പൂര്‍ണമായി പദ്ധതിയോടു സഹകരിക്കാത്തതും പോരായ്മയാണ്.
കുട്ടികളുടെ കുറവും ഓപ്പണ്‍ സ്കൂളും
ജില്ലയില്‍ പരീക്ഷ എഴുതുന്ന കുട്ടികളുടെ കുറവും ആനുപാതികമായ വിജയവുമാണ് പിന്നില്‍ പോകാന്‍ പ്രധാന കാരണം. വയനാടും ഇടുക്കിയും കഴിഞ്ഞാല്‍ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയതു പത്തനംതിട്ടയിലാണ്. എന്നാല്‍, വിജയശതമാനത്തില്‍ വയനാടും ഇടുക്കിയും പത്തനംതിട്ടയെ കവച്ചുവച്ചു. ഇതര ജില്ലകളെ അപേക്ഷിച്ച് എസ്എസ്എല്‍സി പരീക്ഷ പാസാകുന്ന എല്ലാ കുട്ടികളും ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലേക്കെത്തുന്നില്ല.
മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുകൂടി തയാറെടുക്കേണ്ട കുട്ടികള്‍ മറ്റു സിലബസിലേക്കും ജില്ലയ്ക്കു പുറത്തേക്കും മാറിപ്പോകുന്നുണ്ട്. ഓപ്പണ്‍ സ്കൂള്‍ മുഖേന ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നതും പത്തനംതിട്ടയിലാണ്. വിജയിച്ചെത്തുന്നവര്ക്കെല്ലാം സ്കൂളുകളില്‍ത്തന്നെ പ്രവേശനം ലഭിക്കുന്നുവെന്നതിനാല്‍ ഓപ്പണ്‍ സ്കൂളിലേക്ക് എത്തുന്നവര്‍ കുറവാണ്. ഇത്തവണ ഓപ്പണ്‍ സ്കൂളില്‍ 20 കുട്ടികള്‍ പരീക്ഷയ്ക്കു ചേര്‍ന്നതില്‍ 19 പേരാണ് വിജയിച്ചത്.
പഠന നിലവാരം
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ പഠനനിലവാരം പലപ്പോഴും ഫലത്തെ ബാധിക്കുന്നുണ്ട്.
എസ്എസ്എല്‍സിയില്‍ കുറഞ്ഞ മാര്‍ക്കുകളുടെ പിന്‍ബലത്തില്‍ വിജയിച്ചെത്തുന്നവര്‍ക്കു ഹയര്‍ സെക്കന്‍ഡറിയിലെ വിജയസ്കോര്‍ നേടാന്‍ ബുദ്ധിമുട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലെത്തുന്നവര്ക്ക് അടിസ്ഥാന വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രദ്ധ നല്‍കാറില്ല. ഇംഗ്ലീഷ് പഠനത്തില്‍ പിന്നോക്കം പോകുന്നതടക്കമുള്ള പ്രശ്നങ്ങളുണ്ട്.
തസ്തികകള്‍
അംഗീകരിച്ചിട്ടില്ല
പുതിയ ബാച്ചുകള്‍ അനുവദിച്ച പല സ്കൂളുകള്‍ക്കും തസ്തികകള്‍ അംഗീകരിച്ചു നല്കാത്തതിനാല് സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. ഇത്തരം സ്കൂളുകളില്‍ താത്കാലിക അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. 2018നുശേഷം എയ്ഡഡ് സ്കൂളുകളില്‍ നിയമനങ്ങള്‍ അംഗീകരിച്ചു നല്‍കിയിട്ടില്ല. ശമ്പളം ലഭിക്കാതെ ജോലിയെടുക്കുന്നവരാണ് പലരും.
ഡയറക്ടറേറ്റിന്റെ
അഭാവം
ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കായി ജില്ലയില്‍ പ്രത്യേക സംവിധാനങ്ങളില്ല. ചെങ്ങന്നൂരിലെ മേഖല ഡയറക്ടര്‍ ഓഫീസിനു കീഴിലാണ് പത്തനംതിട്ടയിലെ സ്കൂളുകളും.
ജില്ലയിലേക്ക് ഡയറക്ടറേറ്റില്‍നിന്നു പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന ആവശ്യം നേരത്തെ മുതലുള്ളതാണ്.
ബാച്ച് തികയ്ക്കാന്‍ പോലും
കുട്ടികളില്ല, വഴിപാടായി പഠനം
ഒരു ബാച്ചിലേക്കുള്ള കുട്ടികളെ പോലും കണ്ടെത്താനാകാതെ ഹയര്‍ സെക്കന്‍ഡറി കോഴ്സ് നടത്തുന്നവയാണ് ജില്ലയിലെ 25 ശതമാനം വിദ്യാലയങ്ങളും. ഏകജാലക പ്രവേശനത്തിലൂടെ ജില്ലയില്‍നിന്ന് എസ്എസ്എല്‍സി പാസാകുന്ന കുട്ടികള്‍ മെച്ചപ്പെട്ട സ്കൂളുകളിലേക്ക് ആദ്യമേ പ്രവേശനം നേടുമ്പോള്‍ പിന്നീട് അവശേഷിക്കുന്നവരെക്കൊണ്ട് ബാച്ച് പോലും തികയ്ക്കാനാകാത്തവരില് ഏറെയും സര്‍ക്കാര്‍ സ്കൂളുകളാണ്. ഒരു ബാച്ചില്‍ 50 കുട്ടികള്‍ വേണമെന്നിരിക്കേ 20ല്‍ താഴെ കുട്ടികളുമായി ക്ലാസ് നടത്തുന്നവരുണ്ട്. സര്‍ക്കാര്‍ സ്കൂളുകളാണ് ഇവയിലേറെയും. രണ്ടും മൂന്നും ബാച്ചുകള്‍ അനുവദിച്ചിട്ടുള്ള ചില വിദ്യാലയങ്ങള്‍ക്ക് എല്ലാ ബാച്ചിലും ആവശ്യാനുസരണം അഡ്മിഷന് നടക്കുന്നതുമില്ല.
എന്നാല്‍, ഉയര്‍ന്ന വിജയശതമാനം നേടുന്ന സ്കൂളുകള്‍ക്ക് അധിക ബാച്ചുകള്‍ നല്‍കിയിട്ടുമില്ല. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിലാകട്ടെ വിജയ ശതമാനം നൂറിലെത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ത്തന്നെ വിജയശതമാനം ഉയര്‍ത്താം. ഇത്തരത്തില്‍ ഇത്തവണ ശ്രമമുണ്ടായത് വടശേരിക്കര മോഡല്‍, കിഴക്കുപുറം ഗവണ്മെന്റ് സ്കൂളുകളില്‍ മാത്രമാണ്. വടശേരിക്കര മോഡല്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 27 പേരും കിഴക്കുപുറം സ്കൂളില്‍ 11 പേരും വിജയിച്ചു.