റോഡ് നിർമാണ കരാർ പാലിക്കാതെ പണം അനുവദിച്ചു; പിഡബ്ല്യുഡി എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു
1297303
Thursday, May 25, 2023 11:13 PM IST
പത്തനംതിട്ട: പിഡബ്ല്യുഡി കരാറുകാരന് അനധികൃതമായി അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി. ബിനുവിനും അസിസ്റ്റന്റ് എൻജിനിയർ അഞ്ജു സലിമിനും സസ്പെൻഷൻ.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി. മല്ലശേരി-ളാക്കൂർ-കോന്നി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളേ തുടർന്നാണ് നടപടി. റോഡിൽ ക്രാഷ് ബാരിയറും സൈൻബോർഡുകളും സ്ഥാപിക്കാതെ തന്നെ പണം അനുവദിച്ചതാണ് വിവാദമായത്. കരാറുകാരന് 4.70 ലക്ഷം രൂപ ഇതിന്റെ പേരിൽ പാസാക്കി നൽകിയിരുന്നു. പരാതികളെത്തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ കരാർ പ്രകാരമുള്ള നിർമാണം റോഡിൽ നടത്തിയിട്ടില്ലെന്നു വ്യക്തമായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെങ്കിലും വകുപ്പുതല നടപടിക്കു ശിപാർശയുണ്ടായിരുന്നു. ബിനുവിനെ ന്യൂഡൽഹി കേരള ഹൗസിലേക്കു സ്ഥലംമാറ്റി സംരക്ഷിക്കാനും പ്രമോഷൻ നൽകാനും നീക്കം നടക്കുന്നുവെന്ന ആരോപണവും ഇതിനിടെയുണ്ടായി.