അകക്കണ്ണിലൂടെ ശിഷ്യരെ കണ്ടറിഞ്ഞ രാജൻ സാർ പടിയിറങ്ങി
1282902
Friday, March 31, 2023 11:04 PM IST
കലഞ്ഞൂർ: അകക്കണ്ണിന്റെ വെളിച്ചത്തിൽ ക്ലാസ്മുറികളിൽ വിജ്ഞാനം വിതറിയ രാജൻസാർ പടിയിറങ്ങി. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായിരുന്ന എസ്. രാജൻ ഇന്നലെ സർവീസിൽനിന്നു വിരമിച്ചു.
കാഴ്ച വൈകല്യത്തെ മറികടന്ന അധ്യാപന ജീവിതത്തിലെ 23 വർഷങ്ങൾക്കാണ് ഇന്നലെ തിരശീല വീണത്. സഹപ്രവർത്തകരും കുട്ടികളും ചേർന്നു തങ്ങളുടെ പ്രിയ ഗുരുനാഥനെ സ്കൂളിൽനിന്നു യാത്രയാക്കുന്പോൾ അകക്കണ്ണിലൂടെ തന്നെ അദ്ദേഹം അവരുടെ വാത്സല്യം കണ്ടറിഞ്ഞു. അടൂർ സ്വദേശിയായ രാജന് താൻ ഏറെ സ്നേഹിച്ച കലഞ്ഞൂരിൽതന്നെ ഒരു വീട് വേണമെന്നത് ആഗ്രഹമായിരുന്നു. ആഗ്രഹം സഫലീകരിക്കുന്നതിലേക്ക് വസ്തു വാങ്ങി, വീടു നിർമിച്ചു. കഴിഞ്ഞ 27ന് ഗൃഹപ്രവേശവും നടന്നു.
തേക്കുതോട് ഗവൺമെന്റ് സ്കൂളിലെ സേവനത്തിനുശേഷമാണ് എസ്.രാജൻ കലഞ്ഞൂരിൽ അധ്യാപകനായി എത്തിയത്. 18 വർഷം ഇവിടെ പഠിപ്പിച്ചു. ഓരോ ക്ലാസ്മുറിയുടെയും സ്പന്ദനങ്ങൾ ഹൃദിസ്ഥമാക്കിയാണ് അദ്ദേഹം നീങ്ങിയത്. കുട്ടികളെ ശബ്ദം കൊണ്ടു തിരിച്ചറിഞ്ഞു. പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ടു നേരിട്ടു. ജീവിതത്തിൽ അധ്യാപക ജോലിയുടെ ഔദ്യോഗിക പരിവേഷം ഇറക്കിവയ്ക്കുന്പോൾ സംതൃപ്തി മാത്രമേയുള്ളൂവെന്ന് രാജൻ സാർ പറയുന്നു.
ഭാര്യ ഷേർലിയുടെ സഹായത്താലാണ് ഉത്തരക്കടലാസുകൾ പരിശോധിച്ചിരുന്നത്. ഭാര്യ ഉത്തരങ്ങൾ വായിച്ചു കേൾപ്പിക്കും. മാർക്ക് നൽകുന്നത് രാജൻ സാറാണ്. അനുപല്ലവി എന്ന പേരിൽ ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.