കോന്നിയിൽ പൈപ്പ് പൊട്ടൽ തുടർക്കഥ
1282625
Thursday, March 30, 2023 10:45 PM IST
കോന്നി: രണ്ടാം ഘട്ട ടാറിംഗ് പൂർത്തിയാക്കിയ പിഎം റോഡിലെ കോന്നി ഭാഗത്ത് പൈപ്പ് പൊട്ടൽ തുടർകഥയാകുന്നു.
കോന്നി റോഡിൽ ആർവിഎച്ച്എസ്എസിനു സമീപം രണ്ടാംഘട്ട ടാറിംഗ് നടത്തിയ ഭാഗത്ത് പൈപ്പ് പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ടു ദിവസങ്ങളായി. റോഡിലെ ടാറിംഗും ഇളകിയിട്ടുണ്ട്.
സംസ്ഥാന പാതയിൽ രണ്ടാംഘട്ട ടാറിംഗ് പൂർത്തിയായ ഉടൻ പൈപ്പ് പൊട്ടുകയായിരുന്നു.
കോന്നി - പുനലൂർ റീച്ച് ആരംഭിക്കുന്ന ആർവിഎച്ച്എസ്എസിനു സമീപത്താണ് പൈപ്പ് പൊട്ടി ടാറും ഇളകി കുഴി രൂപപ്പെടുകയും വ്യാപകമായി വെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നത്.
സ്കൂളിനു സമീപത്തു നിന്ന് ആനക്കൂട് റോഡിലേക്കുള്ള ഇടവഴിയും പ്രധാന പാതയും ചേരുന്ന ഭാഗമാണ് തകർന്നത്.
കഴിഞ്ഞ ദിവസം ഇവിടെ രണ്ടാംഘട്ട ടാറിംഗ് പൂർത്തിയായിരുന്നു. ബുധനാഴ്ച രാവിലെ പൈപ്പിൽ വെള്ളമെത്തിയതോടെ ശക്തിയായി മുകളിലേക്കുയർന്നു റോഡിലേക്ക് വീഴുകയായിരുന്നു. റോഡ് ഭാഗം വീണ്ടും വെട്ടിപ്പൊളിച്ചു പൈപ്പ് നന്നാക്കി വീണ്ടും ടാറിംഗ് നടത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കോന്നിയുടെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതു ശ്രദ്ധയിൽപെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ അധികൃതർ തകരാർ പരിഹരിക്കാൻ തയാറാകുന്നില്ലെന്നാണ് പരാതികൾ.