കോവിഡ് വ്യാപന ഭീതി വീണ്ടും; പ്രതിദിന കേസുകൾ 50 കവിഞ്ഞു
1282614
Thursday, March 30, 2023 10:45 PM IST
പത്തനംതിട്ട: ഒരു ഇടവേളയ്ക്കുശേഷം രാജ്യവ്യാപകമായി കോവിഡ് കേസുകൾ അധികമായി റിപ്പോർട്ടു ചെയ്തതിനു പിന്നാലെ ജില്ലയിലും പ്രതിദിന എണ്ണത്തിൽ വർധന. ഇന്നലെ 57 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ 289 കോവിഡ് ബാധിതർ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. കഴിഞ്ഞ 15 വരെ പത്തിൽ താഴെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ അടുത്ത ദിവസം 27 ആയി മാറി. വേഗത്തിൽതന്നെ കേസുകൾ വർധിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പ്രതിദിന കേസുകളുടെ എണ്ണം അന്പതായി ഉയർന്നു. ഇതോടെ പരിശോധനകളും കൂട്ടിയിട്ടുണ്ട്. കടുത്ത പനിയുടെ ലക്ഷണവുമായി എത്തുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. പോസിറ്റീവാകുന്നവരിൽ ഗുരുതര സാഹചര്യമുള്ളവരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. മറ്റുള്ളവർക്കു വീടുകളിൽ ക്വാറന്റൈൻ നിർദേശിച്ചിരിക്കുകയാണ്.
വ്യാപനശേഷി കൂടുതൽ
കോവിഡിന്റെ പുതിയ വകഭേദത്തിനു വ്യാപനശേഷി കൂടുതലായതിനാൽ സ്വയം പ്രതിരോധം ഏറ്റവും പ്രധാനമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാസ്ക് കൃത്യമായി ധരിക്കണം. പ്രായമായവർ, ജീവിതശൈലീരോഗങ്ങളുള്ളവർ, ഗർഭിണികൾ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാർക്കു രോഗം വന്നാൽ അപകട സാധ്യത കൂടുതലായതിനാൽ മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കണം. ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യ പ്രവർത്തകരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ മതിയായി വിശ്രമിക്കുകയും രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ചികിത്സ തേടുകയും വേണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.