നടപടി പഞ്ചാ. പ്രസിഡന്റിന്റെ അധികാര ദുർവിനിയോഗമെന്ന് എൻജിഒ സംഘ്
1282145
Wednesday, March 29, 2023 10:37 PM IST
പത്തനംതിട്ട: പെരുനാട് പഞ്ചായത്ത് ഓഫീസിൽ സത്യസന്ധവും കാര്യക്ഷമവുമായി ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ എൻജിഒ സംഘ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാർഥ താൽപര്യങ്ങൾക്കും അഴിമതിക്കും കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് ജീവനക്കാരെ പ്രസിഡന്റ് സസ്പെൻഡ് ചെയ്തരിക്കുന്നതെന്ന് എൻജിഒ സംഘ് കുറ്റപ്പെടുത്തി. തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭരണ സ്വാധീനം ഉപയോഗിച്ച് പിന്തുടർന്നു വേട്ടയാടുന്ന പ്രസിഡന്റിന്റെ അധികാര ധാർഷ്ട്യവും, പ്രതികാര നടപടികളും മൂലം ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ ഓഫീസിലേക്ക് നിയമനം ലഭിച്ച പലരും പ്രസിഡന്റിനെ ഭയന്ന് ജോലിക്ക് എത്താൻ പോലും തയാറാകുന്നില്ല. കുറച്ചുനാൾ മുന്പ് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് താഴിട്ട് പൂട്ടി പുറത്താക്കിയത് കാരണം സെക്രട്ടറി ദീർഘകാല അവധിയിൽ പോയിരിക്കുകയാണ്. ജീവനക്കാർക്ക് ഭയരഹിതമായി പൊതുജന സേവനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഓഫീസിനുള്ളിൽ ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, സെക്രട്ടറി ജി. അനീഷ് എന്നിവർ ആവശ്യപ്പെട്ടു.