ചീക്കനാൽ സെന്റ് പീറ്റേഴ്സ് പള്ളി കൂദാശ ഏപ്രിൽ ഒന്നിന്
1282129
Wednesday, March 29, 2023 10:34 PM IST
പത്തനംതിട്ട: ഓമല്ലൂർ ചീക്കനാൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവകയുടെ പുനർനിർമാണം പൂർത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ ഏപ്രിൽ ഒന്നിനു നടക്കും. ഒന്നിന് ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ്, രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളിക്കാർപ്പസ് എന്നിവർക്ക് സ്വീകരണം. കൽക്കുരിശ്, കൊടിമരം എന്നിവയുടെ ആശിർവാദത്തേ തുടർന്ന് ദേവാലയ കൂദാശ.
രണ്ടിനു രാവിലെ 7.30ന് പ്രഭാത പ്രാർഥനയെത്തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, ഓശാന ശുശ്രൂഷ എന്നിവയ്ക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. തോമസ് കുഴിനാപ്പുറത്ത്, മദർ തമീം എസ്ഐസി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, മെംബർ മിനി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. വൈകുന്നേരം വിശുദ്ധവാര ശുശ്രൂഷകൾക്കു തുടക്കമാകും.
ഏപ്രിൽ എട്ടിനു രാത്രി ഉയിർപ്പ് ശുശ്രൂഷകളെത്തുടർന്ന് ഇടവക തിരുനാളിനു കൊടിയേറുമെന്നു വികാരി ഫാ. അലൻ മാത്യു ചെന്പകമാമൂട്ടിൽ അറിയിച്ചു. 16ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാനയോടെ തിരുനാൾ ശുശ്രൂഷകൾ സമാപിക്കും.