വൈക്കം സത്യഗ്രഹ ശതാബ്ദി നഗറിലേക്ക് ഛായാചിത്ര ഘോഷയാത്ര
1281881
Tuesday, March 28, 2023 11:02 PM IST
കോഴഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ മോചനത്തിനുവേണ്ടി നടന്ന സമരത്തിലെ ചരിത്രം വിസ്മരിച്ച ധീരനായ രക്തസാക്ഷിയാണ് ചിറ്റേടത്ത് ശങ്കുപ്പിള്ളയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ സമര രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്ര ഘോഷയാത്ര കോഴഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗക്കാർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നൂറ് വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നടന്ന ഏറ്റവും മഹത്തായ നവോത്ഥാനമാണ് വൈക്കം സത്യഗ്രഹ സമരം. സത്യഗ്രഹ സമരത്തിൽ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിലുള്ള ധീരമായ ചുവടുവയ്പുകൾക്ക് അർഹിക്കുന്ന പ്രാധാന്യം ചരിത്രകാരന്മാർ നൽകിയിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരം ഉൾപ്പെടെ പുരോഗമനപരമായ എല്ലാ തീരുമാനങ്ങൾക്കും തുടക്കം കുറിച്ചത് വൈക്കം സത്യഗ്രഹ സമരത്തിലെ ഊർജം ഉൾക്കൊണ്ടുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യൻ, ജാഥ ക്യാപ്റ്റൻ ആന്റോ ആന്റണി എംപി, വൈസ് ക്യാപ്റ്റന്മാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, സാംസ്കാരിക നായകന്മാരായ പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള, ഡോ. ജോസ് പാറക്കടവിൽ, പി.എസ്.വിജയൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, സ്മൃതിയാത്രാ സംഘാടകസമിതി കൺവീനർ ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ മന്ത്രി പന്തളം സുധാകരൻ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, മാന്നാർ അബ്ദുൾ ലത്തീഫ്, എൻ. ഷൈലജ്, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, മാത്യു കുളത്തിങ്കൽ, കെ.ജയവർമ, റെജി തോമസ്, സുനിൽകുമാർ പുല്ലാട്, കെ.കെ. റോയ്സൺ, ടി.കെ. സാജു, ലാലു ജോൺ, കാട്ടൂർ അബ്ദുൾസലാം, സതീഷ് ചാത്തങ്കരി, ജോമോൻ പുതുപ്പറമ്പിൽ, കോശി പി. സക്കറിയ, സുനിൽ എസ്. ലാൽ, എം.എസ്. പ്രകാശ്, എലിസബത്ത് അബു എന്നിവർ പ്രസംഗിച്ചു.
ഛായാചിത്ര ഘോഷയാത്രയ്ക്ക് മുന്നോടിയായി രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ മേലുകരയിലുള്ള സ്മൃതിമണ്ഡപത്തിൽ ജാഥ ക്യാപ്റ്റന്മാരും ഡിസിസി പ്രസിഡന്റും ഭാരവാഹികളും പുഷ്പാർച്ചന നടത്തി.
ഘോഷയാത്രയ്ക്ക് പുല്ലാട്, ഇരവിപേരൂർ, തിരുവല്ല, മല്ലപ്പള്ളി, റാന്നി, എരുമേലി, പൊൻകുന്നം എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. ജാഥ പൊൻകുന്നത്ത് സമാപിച്ചു. പൊൻകുന്നത്ത് നടന്ന നവോഥാന സദസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊൻകുന്നത്തുനിന്നും ഇന്ന് പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് ആറിനു വൈക്കത്ത് ശതാബ്ദി നഗറിൽ എത്തിച്ചേരും.