ആത്മീയ ചൈതന്യം ജീവിത്തില്‍ നിലനിര്‍ത്തണം: മാര്‍ ഐറേനിയോസ്
1281334
Sunday, March 26, 2023 10:56 PM IST
പത്തനംതിട്ട: നോമ്പിലും ഉപവാസത്തിലും ധ്യാനത്തിലും നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത.
പത്തനംതിട്ട കത്തോലിക്കാ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
അഞ്ചുദിവസത്തെ ധ്യാനത്തിലൂടെ നേടിയ ആത്മീയ ഉണര്‍വും ചൈതന്യവും മുന്നോട്ടു കൊണ്ടുപോകുന്നതിലേക്ക് വിശ്വാസികളെ സഹായിക്കാന്‍ രൂപതയും ഇടവകയും ചുമതലപ്പെട്ടിരിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ രണ്ടാം ശനിയാഴ്ചയും സങ്കേത ഭവനില്‍ ധ്യാനം നടത്തും. പ്രാര്‍ഥനകള്‍ക്ക് മധ്യസ്ഥപ്രാര്‍ഥന സംഘം തുടര്‍ന്നുമുണ്ടാകും.
വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ആത്മീയത വളര്‍ത്തിയെടുക്കാന്‍ ഈ വര്‍ഷം പ്രത്യേകമായി നമ്മള് ശ്രദ്ധിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഡിസംബറില്‍ എറണാകുളത്ത് നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മുന്നില്‍ കണ്ടുകൊണ്ട് വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി നാം യാത്ര ചെയ്യണം.
കുടുംബ പങ്കാളിത്തം കുര്‍ബാനയില്‍ ഉണ്ടാകണം. മാസത്തിലൊരിക്കലെങ്കിലും വിശുദ്ധ കുര്‍ബാനയുടെ ആരാധനാ ഇടവകതലത്തില്‍ നടത്തും. നവംബറില്‍ ഇതു രണ്ടു ദിവസം നടത്തണം. 2024ല്‍ മാര്‍ച്ച് 10 മുതല്‍ 14 വരെ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലുള്ള ധ്യാന ശുശ്രൂഷയും കണ്‍വന്‍ഷനും നടത്തണമെന്നാണ് ആഗ്രഹമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സമാപനദിവസം വിശുദ്ധ കുര്ബാനയേത്തുടര്ന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനശുശ്രൂഷ നിര്‍വഹിച്ചു. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയും പങ്കെടുത്തു.