പള്ളിക്കലാർ കൈയേറ്റം ഒഴിപ്പിക്കൽ സർവേ മുടങ്ങി
1281293
Sunday, March 26, 2023 10:22 PM IST
അടൂർ: പള്ളിക്കലാറിന്റെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള സർവേ മുടങ്ങി. സർവേയ്ക്കായി നിയമിച്ചവരെ ഡിജിറ്റൽ സർവേയ്ക്കായി മാറ്റിനിയമിച്ചതോടെയാണ് പള്ളിക്കലാറുമായി ബന്ധപ്പെട്ട നടപടികൾ മുടങ്ങിയത്.
നഗരസഭാ പ്രദേശം മുതൽ കൈയേറ്റം വ്യാപകമെന്നു കണ്ടതോടെയാണ് സർവേ നടത്തി ഒഴിപ്പിക്കാൻ തീരുമാനിച്ചത്. തോടിന്റെ സ്വഭാവിക നീരൊഴുക്ക് വീണ്ടെടുക്കാനാണ് കൈയേറ്റം കണ്ടെത്താൻ വർഷങ്ങൾക്കു മുന്പ് ഒരു സർവേ നടന്നിരുന്നു.
ഈ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകൾ പലയിടത്ത് നിന്നും അപ്രത്യക്ഷമായി. ഇതേത്തുടർന്നു തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു വീണ്ടും സർവേ നടത്താൻ തിരുമാനിക്കുകയായിരുന്നു. ഇതിനായി നിയോഗിച്ചിരുന്ന രണ്ട് സർവയർമാരെ ഡിജിറ്റൽ സർവേയ്ക്കായി മാറ്റി നിയമിക്കുകയാണുണ്ടായത്. റീ സർവേ വിഭാഗം സ്കെച്ചും റിപ്പോർട്ടും അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. ഇത്തരത്തിൽ ആദ്യഘട്ട സർവേ നടത്തിയിട്ടു കല്ലുകൾ കാണാതായതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ വീണ്ടും സർവേ നത്തണമെന്ന് ആവശ്യപ്പെട്ടത്. ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലൂടെയും അടൂർ നഗരസഭയിലൂടെയുമാണ് അടൂരിൽ വലിയതോട് എന്നറിയപ്പെടുന്ന പള്ളിക്കലാറ് ഒഴുകുന്നത്. ഇരട്ടപ്പാലത്തിനടിയിലെ മൺതിട്ട മൂലം വെള്ളം നിരന്ന് ഒഴുകുന്നില്ല. ഈ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയുമാണ്.