കുട്ടികളെ നിരീക്ഷിക്കാൻ ബസ് സ്റ്റാൻഡിൽ വനിതാ പോലീസ്
1280546
Friday, March 24, 2023 10:42 PM IST
പത്തനംതിട്ട: ഹാജി സി. മീരാസാഹിബ് നഗരസഭ ബസ് സ്റ്റാൻഡിലെ കുട്ടിഗുണ്ടകളെ നേരിടാൻ വനിതാ പോലീസ് രംഗത്തിറങ്ങി. പത്തനംതിട്ട ബസ് സ്റ്റാൻഡ് ഹയർ സെക്കൻഡറി കുട്ടികളുടെ സ്ഥിരം സംഘർഷവേദിയായതിനു പിന്നാലെയാണ് പോലീസ് ഇടപെടൽ.
നേരത്തെ പ്രത്യേക പോലീസിനെ നിയോഗിച്ചു കുട്ടികളെ നിരീക്ഷിക്കാൻ സംവിധാനമുണ്ടായിരുന്നെങ്കിലും അവർ പിൻവാങ്ങിയിരുന്നു. ചൊവ്വാഴ്ച ബസ് സ്റ്റാൻഡിൽ കുട്ടികൾ തമ്മിലടിക്കുകയും ഒരാളുടെ തല പൊട്ടുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും വനിതാ പോലീസിനെ നിയോഗിച്ചത്. പോലീസിന്റെ നിസംഗതയെ സംബന്ധിച്ചു ദീപിക കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബസ് സ്റ്റാൻഡിൽ വ്യാപാരം നടത്തുന്നവർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ കുട്ടികളുടെ സംഘർഷം പതിവാകുന്നതിനെതിരേ ആക്ഷേപം ശക്തമായിരുന്നു.
പോലീസിനും പേടി
എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്കു പോലീസ് ഉണ്ടെങ്കിലും കുട്ടികൾ തങ്ങളെയും കൂസാറില്ലെന്നാണ് വനിതാ പോലീസുകാർ പറയുന്നത്. കുട്ടികളുടെ ഇടപെടലുകളിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടു നിരീക്ഷിച്ചാൽ സദാചാര പോലീസ് ചമയുകയാണോയെന്ന മട്ടിൽ തട്ടിക്കയറാറുണ്ട്. വീഡിയോ എടുക്കുമെന്ന തരത്തിൽ ഭീഷണിയുമുണ്ടാകും. മുന്പ് ഇത്തരത്തിൽ ഇടപെട്ട ഒരു വനിതാ പോലീസിന്റെ വീഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇക്കാരണത്താൽതന്നെ സ്റ്റാൻഡ് ഡ്യൂട്ടിയോടു വനിതാ പോലീസിനു താത്പര്യം ഇല്ല. മഫ്തിയിൽ പോലീസിനെ നിയോഗിച്ചു നിരീക്ഷണം ഏർപ്പെടുത്തിയപ്പോഴും കുട്ടികളുടെ ലഹരി ഉപയോഗം, സ്റ്റാൻഡിലെ അനാശാസ്യം തുടങ്ങിയവ ശ്രദ്ധയിൽപെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദേശിച്ച് അയയ്ക്കാനായിരുന്നു മറുപടി.
ബസ് സ്റ്റാൻഡ് യാർഡുകളും
ഒഴിഞ്ഞു കിടക്കുന്ന മുറികളും
ബസ് സ്റ്റാൻഡിൽ മുന്പ് കെഎസ്ആർടിസിക്കു നൽകിയിരുന്ന യാർഡ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണെന്നതിനാൽ കുട്ടികൾ അവിടെയാണ് കേന്ദ്രീകരിക്കുന്നത്. ഇതോടൊപ്പം സ്റ്റാൻഡിന്റെ ഒഴിഞ്ഞ മൂലകളും ഇവരുടെ താവളമാണ്. നഗരസഭ സെക്യൂരിറ്റി ജീവനക്കാരന്റെ സാന്നിധ്യമുള്ളതിനാൽ രണ്ടാം നിലയിലേക്കുള്ള സ്റ്റെയർകെയ്സിൽ ഇപ്പോൾ ചുറ്റിത്തിരിയൽ കുറവാണ്.
കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ വ്യാപാരികൾക്കും മടിയാണ്. പലതും കണ്ടില്ലെന്നു നടിക്കുകയാണ് തങ്ങളെന്നു വ്യാപാരികളും സെക്യൂരിറ്റി ജീവനക്കാരും പറയുന്നു.
വിദ്യാർഥികളോട് എന്തെങ്കിലും ചോദിച്ചാൽതന്നെ അവർ തട്ടിക്കയറും. എന്ത് ചോദിച്ചാലും സദാചാരമാണോ, ഇത് പൊതുയിടമാണ് ഞങ്ങൾക്ക് ഇഷ്ടമുള്ളപോലെ ഇരിക്കും നിൽക്കും എന്നൊക്കെ പറഞ്ഞു ചൂടാവുകയാണ് വിദ്യാർഥികൾ. ഇതിൽ ആൺ, പെൺ ഭേദമൊന്നുമില്ല. കൃത്യമായ ബോധവത്കരണം സ്കൂളിൽ നടത്തണം. അധ്യാപകർ, രക്ഷാകർത്താക്കൾ, കുട്ടിപ്പോലീസ് ഇവരുടെ സ്ക്വാഡ് രൂപീകരിച്ചു നിരീക്ഷണം നടത്തണമെന്നും വ്യാപാരികൾ പറയുന്നു.
പോലീസ് നടപടി ശക്തമാകണം
'വനിതാ പോലീസ് മാത്രമല്ല, പുരുഷ പോലീസും രാവിലെയും വൈകുന്നേരവും കൃത്യമായി ബസ് സ്റ്റാൻഡ് നിരീക്ഷിക്കണം. തുടർച്ചയായ പോലീസ് സാന്നിധ്യം ഉണ്ടെന്നറിയുന്പോൾ ലഹരി മാഫിയയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകില്ല. കുട്ടികൾ സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നതു ശ്രദ്ധയിൽപെട്ടാൽ കൈയോടെ പിടികൂടി ഉപദേശിക്കാനാകുന്നതും പോലീസിനാണ്. യൂണിഫോമിനോടു ഭയവും ബഹുമാനവും നഷ്ടപ്പെടുന്ന സാഹചര്യം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന മട്ടിൽ പോലീസ് മാറി നിൽക്കുന്നതിനോടു യോജിപ്പില്ല. ബസ് സ്റ്റാൻഡിൽ സ്ഥിരമായുണ്ടാകുന്ന അടിപിടിയും അക്രമങ്ങളും വ്യാപാരികൾക്കാണ് നഷ്ടമുണ്ടാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ വില്പനയ്ക്കുവച്ചിരിക്കുന്ന സാമഗ്രികൾ സംഘർഷങ്ങൾക്കിടെ നശിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്നു. അക്രമങ്ങൾ കാരണം സ്റ്റാൻഡ് പരിസരങ്ങളിൽ ആളുകൾ നിൽക്കാനും ഭയപ്പെടുകയാണ്'.
- പ്രസാദ് ജോൺ മാന്പ്ര,
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്