ഊഷ്മള ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലായി മാർ പവ്വത്തിൽ അനുസ്മരണം
1280541
Friday, March 24, 2023 10:42 PM IST
ചങ്ങനാശേരി: പവ്വത്തില്‍ പിതാവിന്റെ അനുസ്മരണ സംഗമം ഊഷ്മള ബന്ധങ്ങളുടെ ഓര്‍മപ്പെടുത്തലായി. ഇന്നലെ രാവിലെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് അനുസ്മരണ ശുശ്രൂഷകള്‍ ആരംഭിച്ചത്.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കുർബാനമധ്യേ സന്ദേശം നല്കി. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ വികാരി ജനറാള്‍മാരും വൈദികരും സഹകാര്‍മികരായിരുന്നു.
കബറിടത്തില്‍ നടന്ന പ്രാര്‍ഥനയ്ക്കും അഭിവന്ദ്യപിതാക്കന്മാര് കാര്‍മികരായിരുന്നു.
പാരിഷ്ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഓര്‍ത്തഡോക്സ് സഭ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപത ചാന്‍സിലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം വായിച്ചു.
മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, മുന്‍മന്ത്രിമാരായ രമേശ് ചെന്നിത്തല എംഎല്‍എ, ഡോ. എം.കെ. മുനീര്‍ എംഎല്‍എ, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ്, കൊച്ചിന് ഷിപ്പ്യാര്ഡ് ഡയറക്ടര്‍ ബി. രാധാകൃഷ്ണമേനോന്, ഡിജിപി ടോമിന് തച്ചങ്കരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, യുവദീപ്തി-കെസിവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍മന്ത്രി കെ.സി. ജോസഫ്, പവ്വത്തില്‍ പിതാവിന്റെ സഹോദരന് ഡോ. ജോണ്‍ പവ്വത്തില്‍, വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലംഗങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനാ ഭാരവാഹികള്‍, സാമൂഹ്യ, സമുദായ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വൈദികര്‍, സന്യാസിനികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഫാ. തോമസ് തൈക്കാട്ടുശേരിയുടെ നേതൃത്വത്തിലുള്ള അതിരൂപതാ ഗായകസംഘം അനുസ്മരണ ഗാനവും എംഎല്‍എഫ് മദര്‍ ജനറല്‍ മെര്ലിന് ജേക്കബ് പ്രാര്‍ഥനാശുശ്രൂഷയും നടത്തി.