പാചകവാതക സിലിണ്ടറുകൾക്ക് ബില്ല് ഉറപ്പായും നൽകണമെന്ന്
1279359
Monday, March 20, 2023 10:26 PM IST
പത്തനംതിട്ട: ബില്ലു നല്കാതെ ഗാര്ഹിക, വാണിജ്യ സിലിണ്ടര് വിതരണം നടത്താന് പാടില്ലെന്ന് എഡിഎം ബി. രാധാകൃഷ്ണന്. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില് ജില്ലയിലെ പാചക വിതരണ ഏജന്സികളുടെ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതക സിലിണ്ടര് വിതരണം നടത്തിയ ശേഷം ബില്ല് നല്കി സിലിണ്ടര് ലഭിച്ചതായുള്ള ഒപ്പ് ഉപഭോക്താക്കളില്നിന്നു വാങ്ങണം. ഉപയോക്താക്കളുടെ പരാതികളില് സമയബന്ധിതമായി പരിഹാരം കാണണം. പാചകവാതക വിതരണ ഏജന്സികളെ പറ്റി പൊതുജനങ്ങളില് നിന്ന് ഉയരുന്ന പരാതികളെ ഗൗരവകരമായി കാണുകയും പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും എഡിഎം പറഞ്ഞു.
ബില്ലില് രേഖപ്പെടുത്തിയിരിക്കുന്ന ട്രാന്സ്പോര്ട്ടഷന് നിരക്കില്നിന്ന് അധികമായ തുക ഈടാക്കുക, കൃത്യസമയത്ത് പാചകവാതക സിലിണ്ടര് നല്കാതെയിരിക്കുക, ഡെലിവറി ചാര്ജ് അധികമായി നല്കാത്ത ഉപയോക്താക്കളോട് മോശമായി പ്രതികരിക്കുക, വീടുകളില് ഗ്യാസ് എത്തിച്ചു നല്കാതിരിക്കുക, ബില്ലു നല്കാതെയിരിക്കുക എന്നിവയാണ് പൊതുവായി ഉയര്ന്ന പരാതികള്.
ഒരേ സമയം സംഭരിക്കാന് അനുവദനീയമായ 100 കിലോഗ്രാം പാചകവാതകത്തിലും അധികം സംഭരണം നടത്തുന്ന ഹോട്ടല്, റെസ്റ്റോറന്റ്, തട്ടുകട, വ്യക്തികള് എന്നിവര്ക്കെതിരായി ശക്തമായ നടപടികള് സ്വീകരിക്കുമെന്നും നിര്ദേശങ്ങള്ക്കു വിരുദ്ധമായി പ്രവര്ത്തിക്കുന്നവര്ക്കെതിരേ സിലിണ്ടര് കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികള് അവശ്യസാധന നിയമപ്രകാരം സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര് എം. അനില് അറിയിച്ചു. തുടര് പരിശോധനകള് ശക്തമാക്കാന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്മാര്ക്കു യോഗം നിര്ദേശം നല്കി. ഇന്ധനവില നികുതി, മറ്റ് അനുബന്ധ ഘടകങ്ങള് എന്നിവയുടെ നിരക്ക് ഉയര്ന്ന സാഹചര്യത്തില് പാചകവാതക വിതരണ ഏജന്സികളുടെ 2013 ല് അനുവദിച്ച നിലവിലെ ട്രാന്സ്പോര്ട്ടേഷന് ചാര്ജ് വര്ധിപ്പിക്കണമെന്ന ആവശ്യം ഏജന്സി ഉടമകള് യോഗത്തില് ഉന്നയിച്ചു.