കളമ്പാല എംടി എല്‍പി സ്കൂള്‍ ശതാബ്ദി സമാപനവും സ്കൂള്‍ വാര്‍ഷികവും 22ന്
1279355
Monday, March 20, 2023 10:26 PM IST
കൊറ്റനാട്: കളമ്പാല എംടി എല്‍പി സ്കൂള്‍ ശതാബ്ദി സമാപനവും 101-ാമത് സ്കൂള്‍ വാര്‍ഷികവും 22ന് നടക്കും. 1922ല്‍ സ്ഥാപിതമായ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്.
ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളോടനുബന്ധിച്ച് പ്രീ പ്രൈമറി ആരംഭിച്ചതു കൂടാതെ വിവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയതായി ഹെഡ്മിസ്ട്രസ് ബിജി ജോര്‍ജ് പറഞ്ഞു.
മാര്‍ത്തോമ്മ സഭയുടെ എംടി ആന്‍ഡ് ഇഎ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂള്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ഏക പൊതുവിദ്യാലയം കൂടിയാണ്.
ശതാബ്ദി സമാപന പരിപാടികള്‍ 22നു രാവിലെ പത്തിന് പിടിഎ വൈസ് പ്രസിഡന്റ കെ.ടി. പ്രഭ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു വാര്‍ഷിക സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ആശാ ജിജി അധ്യക്ഷത വഹിക്കും.
മൂന്നിനു ശതാബ്ദി സമാപന സമ്മേളനം മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. ഏബ്രഹാം പി. മാത്യു അധ്യക്ഷത വഹിക്കും.
പൂര്‍വവിദ്യാര്‍ഥി സംഗമം മുന്‍ എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കോര്‍പറേറ്റ് മാനേജര്‍ പി. ലാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. സ്കൂള്‍ ശതാബ്ദി പതിപ്പ് പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാം നിര്‍വഹിക്കും. മുന്‍ പ്രഥമാധ്യാപകരെ എഇഒ മിനി ജോസഫ് ആദരിക്കും.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രകാശ് ചരളേല്‍, മെംബര്‍ ഈപ്പന് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്, മെംബര്‍ ബിനോജ് കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര് തോമസ് മാത്യു, ജോണ്‍ ജോസഫ് കൂടത്തിനാല്‍, എസ്. ബിനിമോള്‍, എല്‍സമ്മ പി. മാത്യു, അക്ഷത് വിനോദ്, പി.എ. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.