വിശ്വാസികൾ നിർമലമായ മനസിനുടമകളാകണം: കർദിനാൾ ക്ലീമിസ് ബാവ
1279105
Sunday, March 19, 2023 10:25 PM IST
തിരുവല്ല: നിർമലമായ മനസിന്റെ ഉടമകളായി വിശ്വാസികൾ മാറണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. തിരുവല്ല കാത്തലിക് കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
എളിയ മനസുകളെയാണ് ദൈവം തേടുന്നത്. ആത്മീയ വളർച്ച മനസിന്റെ ആർദ്രതയും നൈർമല്യവും അനുസരിച്ചാകുമെന്നും കാതോലിക്ക ബാവ പറഞ്ഞു.
മലങ്കരസഭയ്ക്ക് ആഗോളസഭയിലിൽനിന്നു ലഭിച്ച മറ്റൊരു അംഗീകാരമാണ് റവ. ഡോ. ജേക്കബ് തെക്കേപറമ്പിൽ മല്പാനെ വത്തിക്കാൻ ആരാധനക്രമ കമ്മീഷൻ കൺസൾട്ടന്റായി നിയമിച്ചതിലൂടെ ലഭ്യമായതെന്ന് കർദിനാൾ മാർ ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി.
പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് ജേക്കബ് മല്പാനെ നിയമിച്ചത്. ഇത് മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് വലിയൊരംഗീകാരമാണ്.
ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ തിരുവല്ല വൈദികമേഖലയിലെ വൈദികരുടെ സഹകാർമികത്വത്തിലും സമൂഹബലി നടന്നു. തുടർന്ന് ആരംഭിച്ച സമാപന സമ്മേളനം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുനക്കുളം, ഫാ. ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ. തെയോഫിൻ, ഷാജി മാത്യു കൂളിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ദാനിയേൽ പൂവണ്ണത്തിൽ വചനപ്രഘോഷണം നടത്തി.