സാമ്പത്തിക ഇടപാടിനെച്ചൊല്ലി അടിപിടി; രണ്ടു കേസുകളിലായി മൂന്നുപേര്‍ അറസ്റ്റില്‍
1279101
Sunday, March 19, 2023 10:25 PM IST
കോഴഞ്ചേരി: സാമ്പത്തിക ഇടപാടു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധത്താല്‍ മര്‍ദിക്കുകയും സോഡാക്കുപ്പിക്കൊണ്ട് ആക്രമിച്ചു പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോയിപ്രം പുല്ലാട് കാലായില്‍ പടിഞ്ഞാറേതില്‍ അരീഷ് കെ. രാജപ്പന് (37), കോയിപ്രം കുറവന്‍കുഴി പാറയില്‍ പുരയിടം വീട്ടില്‍ അനില്‍ കുമാര്‍ (45) എന്നിവരാണ് ആദ്യ കേസില്‍ പിടിയിലായത്.
മത്സ്യക്കച്ചവടക്കാരനായ പുറമറ്റം ഉമിക്കുന്നുമല തോപ്പില്‍ ജോജി വര്‍ഗീസി(56)നാണ് കഴിഞ്ഞ 13ന് രാത്രി 10ന്് പുല്ലാട് വച്ച് മര്‍ദനമേറ്റത് . കച്ചവടം കഴിഞ്ഞു ബാക്കിവന്ന മത്സ്യം പുല്ലാട് ചന്തയിലെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ എത്തിയപ്പോള്‍ ബുള്ളറ്റില്‍ വന്ന പ്രതികള്‍ മര്‍ദിക്കുകയും കാലി സോഡാക്കുപ്പി കൊണ്ട് അടിച്ചു പരിക്കേല്പിക്കുകയുമായിരുന്നു. കോയിപ്രം എസ്ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയുടെ ഭാര്യ പത്തനംതിട്ട കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ ജോജി വര്‍ഗീസ് പ്രതിയാണ്. അരീഷിനെ കഠിന ദേഹോപദ്രവം ഏല്പിച്ചുവെന്നതാണ് കേസ്.
ഈ കേസില്‍ പരിക്കേറ്റ ജോജി വര്‍ഗീസ് പ്രതിയായ രണ്ടാമത്തെ കേസില്‍ അരീഷ് കെ രാജപ്പന്റെ ഭാര്യ രജനി (35) യാണ് വാദി. തന്റെ കച്ചവടത്തില്‍ ഇടിവുണ്ടായി എന്നാരോപിച്ച് ജോജി, മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്റെ ഭര്‍ത്താവിനെ വെട്ടി കൈക്ക് പരിക്കും വിരലുകള്‍ക്ക് പൊട്ടലുമുണ്ടായി എന്ന രജനിയുടെ പരാതിയിലെടുത്ത കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിലെ രണ്ടാം പ്രതി അരീഷിന്റെ മുഖത്ത് കൈകൊണ്ടിടിച്ച് പരിക്കേല്പിച്ചതായും തള്ളി താഴെയിട്ട് മര്‍ദിച്ചതായും മൊഴിയില്‍ പറയുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. അരീഷ് പ്രതിയായ കേസിന്റെ കൗണ്ടര്‍ കേസ് ആയാണ് ഇയാളുടെ ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജോജിയെയും മറ്റൊരാളെയും പ്രതികളാക്കി അന്വേഷണം നടത്തുന്നത്. എസ്ഐ സുരേഷ് കുമാറിനാണ് രണ്ട് കേസുകളുടെയും അന്വേഷണച്ചുമതല.