നഗരമധ്യത്തിൽ റോഡ് വെട്ടിപ്പൊളിച്ച് ജലഅഥോറിറ്റി; ഗതാഗതം കുരുങ്ങി
1278648
Saturday, March 18, 2023 10:37 PM IST
പത്തനംതിട്ട: നഗരത്തിലെ പ്രധാന പാതയായ ടികെ റോഡ് പൈപ്പ് മാറ്റിയിടാനുള്ള ജോലികൾക്കായി ജല അഥോറിറ്റി വെട്ടിക്കുഴിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. നഗരമധ്യത്തിലെത്തിയതോടെ പണികൾ യാത്രക്കാർക്കു കുരുക്കായി മാറുകയാണ്.
മസ്ജിദ് ജംഗ്ഷനിൽ പൈപ്പ് മാറ്റിയിടുന്നതിനായി രണ്ടുദിവസം മുന്പെടുത്ത കുഴി മൂടാതെ കിടക്കുകയാണ്. കടമ്മനിട്ട റോഡ് തിരിയുന്ന ഭാഗത്താണ് കുഴി. ഇതോടെ കടമ്മനിട്ട റോഡിലേക്കു വാഹനങ്ങൾക്കു തിരിയാനാകുന്നില്ല. ഇതുവഴിയുള്ള പല ബസുകളും ഇന്നലെ റിംഗ് റോഡ് വഴിയാണ് പോയത്. ടികെ റോഡിലൂടെ വരുന്ന മറ്റു വാഹനങ്ങളുടെ യാത്രയെയും ഈ കുഴി ബാധിച്ചു.
മിനിസിവിൽസ്റ്റേഷൻപടി മുതൽ പുതിയ പൈപ്പ് ഇടുന്നതിനുവേണ്ടി കുഴിയെടുത്തു വരികയായിരുന്നു. ഇതോടെ റോഡിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ആദ്യദിവസങ്ങളിൽ എടുത്ത കുഴി മൂടിയെങ്കിലും മൺകൂനകൾ കാരണം വാഹനഗതാഗതം സുഗമമല്ല.
പാർക്കിംഗിനും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും സ്ഥലമില്ലാത്തതിനാൽ കുരുക്കിനും കാരണമാകുന്നു.സെൻട്രൽ ജംഗ്ഷൻ - തൈക്കാവ് റോഡിലെ പണികളും എങ്ങുമെത്തിയിട്ടില്ല. റോഡിൽ ഓടയുടെ പണി സാവധാനമാണ് നീങ്ങുന്നത്. ഓടയ്ക്കു കുഴിയെടുത്തിരിക്കുന്നതിനാൽ വ്യാപാരികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്.