കോഴഞ്ചേരി സി. കേശവൻ സ്ക്വയർ നവീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
1278645
Saturday, March 18, 2023 10:37 PM IST
കോഴഞ്ചേരി: കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ച സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്ക്വയർ നവീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. കോഴഞ്ചേരി സി. കേശവന് സ്മാരക സ്ക്വയറിന്റെ പുനരുദ്ധാരണത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇതുമായി ബന്ധപ്പെട്ട സ്മരണയും സ്മാരകവും വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സ്മാരകത്തിന്റെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി. കേശവന്റെ സ്മരണാര്‍ഥം ചരിത്രമ്യൂസിയം സാക്ഷാത്കരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം 20 ലക്ഷം രൂപ വിനിയോഗിച്ച് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാരക നവീകരണം നടത്തുന്നത്.
ശില്പത്തിന്റെ അറ്റകുറ്റപ്പണി, പുനരുദ്ധാരണം, സ്ക്വയറിന്റെ ലാന്‍ഡ്സ്കേപ്പിംഗ്, ശില്പത്തിന്റെ സംരക്ഷണം, ജലസേചന, വൈദ്യുത സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതി പ്രകാരം നിര്‍വഹിക്കുക. സ്ക്വയറിന് ഉള്ളില്‍ കൂടി കടന്നു പോയിരിക്കുന്ന ഹൈടെന്‍ഷന്‍ ഇലക്ട്രിക് ലൈനുകളുടെ ഷിഫ്റ്റിംഗ്, സൈറ്റ് ഫെന്‍സിംഗ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ഗീതു മുരളി, ബിജിലി പി. ഈശോ, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയന്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മോഹന്‍ ബാബു, യൂണിയന് സെക്രട്ടറി ജി. ദിവാകരന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന് കൗണ്‍സിലര്‍മാരായ സോണി പി. ഭാസ്കര്‍, പ്രേംകുമാര്‍, സുഗതന് പൂവത്തൂര്‍, രാജന് കുഴിക്കാല, സിനു എസ്. പണിക്കര്‍, യൂണിയന് വൈസ് പ്രസിഡന്റ് വിജയന് കാക്കനാടന്, ഇലന്തൂര്‍ എല്‍എസ്ജിഡി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു എസ്. കരുണാകരന്, അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.