അനധികൃത പച്ചമണ്ണ് ഖനനം; മൂന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
1278638
Saturday, March 18, 2023 10:34 PM IST
പത്തനംതിട്ട: നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്ന പരാതിയേതുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു, മൂന്നു പേർ അറസ്റ്റിൽ. വടശേരിക്കര കുമ്പളാംപൊയ്കയിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിൽ അനധികൃത ഖനനം നടത്തിക്കൊണ്ടിരുന്ന ജെസിബിയും രണ്ട് ടിപ്പറുകളുമാണ് ഡാൻസാഫ് സംഘവും മലയാലപ്പുഴ പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ ഇന്നലെ പുലർച്ചെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരമാണ് നടപടി. അനുമതി പത്രമോ മറ്റോ ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്. കുമ്പളാംപൊയ്കയിലെ തടിമില്ലിന് സമീപമുള്ള വസ്തുവിൽ നിന്നു ജെസിബിയിൽ മണ്ണ് നീക്കി ടിപ്പറുകളിൽ നിറച്ചുകൊണ്ടിരിക്കവേയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമെത്തി വാഹനങ്ങൾ തടഞ്ഞത്. ഒരു ടിപ്പറിൽ പച്ചമണ്ണ് കയറ്റിയ നിലയിലും മറ്റൊന്നിൽ നിറക്കുന്ന നിലയിലുമാണ് പിടിച്ചെടുത്തത്.
ജെസിബി ഓപ്പറേറ്റർ വടശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയിൽ രമേശ് (62), ടിപ്പർ ഡ്രൈവർമാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടിൽ അജയൻ (40), കുമ്പളാംപൊയ്ക നരിക്കുഴി രേവതി നിവാസിൽ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് എസ്ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ് എന്നിവരും, മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മനോജ്, സിപിഒ അഖിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. തുടർനടപടികൾക്കായി വാഹനങ്ങൾ മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് പോലീസ് കൈമാറി.