ഏലിയാസ് ബാവ സ്നേഹത്തിലൂടെ ദൈവമഹിമ വെളിപ്പെടുത്തി: മാർ അത്താനാസിയോസ്
1266027
Wednesday, February 8, 2023 10:26 PM IST
മഞ്ഞിനിക്കര: സ്നേഹത്തിലധിഷ്ഠിതമായ ജീവിതശൈലി രൂപപ്പെടുത്തി സഹജീവികളെ ചേർത്ത് നിർത്തുകയും അവരെ കരുതുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടേതെന്ന് ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. 91-ാമത് മഞ്ഞനിക്കര പെരുന്നാളിനു 91 പേർക്ക് സൗജന്യ വസ്ത്രവും, ഭക്ഷണക്കിറ്റും നൽകുന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ മാടപ്പാട്ട്, അലക്സ് കോർ എപ്പിസ്കോപ്പ, ഫാ. ബെൻസി മാത്യു, ഫാ. റോബി ആര്യാട്ട് എന്നിവർ പ്രസംഗിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മഞ്ഞനിക്കര തീർഥാടകർ ഇന്നു മുതൽ കബറിങ്കലേക്ക് എത്തിത്തുടങ്ങും. പ്രധാന തീർഥാടക സംഘങ്ങൾ നാളെയാണ് എത്തുന്നത്. ഓമല്ലൂർ കുരിശടിയിലും, മഞ്ഞനിക്കര ദയറായിലും തീർഥാടകരെ സ്വീകരിക്കും.
ഇന്നു വൈകുന്നേരം വടക്കൻ മേഖലയിലെ പ്രധാന തീർഥാടക സംഘം മാരാമൺ മണൽപ്പുറത്ത് വിശ്രമിച്ചശേഷം പുലർച്ചെ ആറന്മുള കുരിശടിയിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം പരിശുദ്ധന്റെ കബറിങ്കലേക്ക് പദയാത്ര ആരംഭിക്കും.
മഞ്ഞനിക്കര തീർഥാടകർക്കു സ്വീകരണം
ഓമല്ലൂർ: മഞ്ഞനിക്കരയിൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമപ്പെരുന്നാളിൽ പങ്കെടുക്കാനെത്തുന്ന കാൽനട തീർഥാടകർക്ക് നാളെ ചീക്കനാൽ ഗവൺമെന്റ് എൽപി സ്കൂൾ അങ്കണത്തിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പുലർച്ചെ നാലു മുതൽ പദയാത്ര സംഘങ്ങൾക്ക് നേർച്ചക്കഞ്ഞി വിതരണം ഉണ്ടാകും.