പത്തനംതിട്ടയിൽ ബജറ്റിനെതിരേ പ്രതിഷേധം; തെരുവുയുദ്ധം, ലാത്തിച്ചാർജ്
1266022
Wednesday, February 8, 2023 10:26 PM IST
നിരവധി യൂത്ത് കോൺഗ്രസ്
പ്രവർത്തകർക്കു പരിക്ക്
പത്തനംതിട്ട: സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിചാർജിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
അബാൻ ജംഗ്ഷനിൽനിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റ് പടിക്കൽ സ്ഥാപിച്ച ബാരിക്കേഡ് തള്ളി മറിക്കാൻ ശ്രമിച്ചതോടെയാണ് ആദ്യം സംഘർഷം ഉടലെടുത്തത്. ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാലു ബാരിക്കേഡുകൾ തകർത്തെറിഞ്ഞു. ഇതോടെ മറ്റ് ബാരിക്കേഡുകളും ഇളകി മാറി. പോലീസിനു നേരെ മുദ്രാവാക്യം വിളിച്ച് അക്രമാസക്തരായ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കിയെങ്കിലും ഉദ്ഘാടനത്തിനു ശേഷം നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി.
നേർക്കുനേർ
പോലീസ് വാഹനത്തിനു മുമ്പിൽ റോഡിൽ തടസം കിടന്നവരെ എടുത്തു മാറ്റാൻ ശ്രമിച്ചപ്പോഴും ഉന്തും തള്ളുമുണ്ടായി. ഇതേത്തുടർന്ന് പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിനിടെ പരിക്കേറ്റവരെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും പ്രവർത്തകർ തടഞ്ഞു. ഇവരെ പ്രവർത്തകർ താങ്ങിയെടുത്താണ് ആശുപത്രിയിലെത്തിച്ചത്.
ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജു തുമ്പമൺ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത്, ജില്ലാ സെക്രട്ടറി ഡിനൂപ് ജേക്കബ് കിടങ്ങന്നൂർ, ജയകൃഷ്ണൻ തെങ്ങമം എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസുമായി ഏറെനേരം കളക്ടറേറ്റ് പടിക്കൽ സംഘർഷം ഉണ്ടായെങ്കിലും ഡിവൈഎസ്പി എസ്. നന്ദകുമാർ ഇടപെട്ടു പിന്തിരിപ്പിച്ചു. വനിതാ പ്രവർത്തകരടക്കമുള്ളവരെ അറസ്റ്റു ചെയ്തു പോലീസ് വാഹനത്തിൽ കയറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
ജലപീരങ്കി പണിമുടക്കി
സംഘർഷാവസ്ഥ കണക്കിലെടുത്തു കൂടുതൽ പോലീസിനെയും കളക്ടറേറ്റിന് മുമ്പിൽ വിന്യസിച്ചിരുന്നു. പ്രവർത്തകരെ തുരത്താൻ കൊണ്ടുവന്ന ജലപീരങ്കി പണി മുടക്കിയതിനാൽ മാറ്റിയിടേണ്ടി വന്നു.
ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ, സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, സംസ്ഥാന നിർവാഹസമിതി അംഗം നഹാസ് പത്തനംതിട്ട, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി. മനോജ്, രഞ്ജു മുണ്ടിയിൽ, അഖിൽ അഴൂർ, ജില്ലാ ഭാരവാഹികളായ അനൂപ് വേങ്ങവിളയിൽ, ഷിജു അറപ്പുരയിൽ, അരുൺ പി. അച്ചൻകുഞ്ഞ്, അരവിന്ദ് വെട്ടിക്കൽ, ലിജ മാത്യു, അസംബ്ലി പ്രസിഡന്റുമാരായ റിനോ പി. രാജൻ, സാംജി ഇടമുറി, അഭിലാഷ് വെട്ടിക്കാടൻ എന്നിവർ നേതൃനിരയിലുണ്ടായിരുന്നു.
ലാത്തിച്ചാർജിൽ പ്രതിഷേധം
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. സമാധാനപരമായി പ്രകടനം നടത്തിയ പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ ഡിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍,വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല എന്നിവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലാത്തിച്ചാർജ് ചെയ്ത പോലീസ് നടപടിയിൽ ഡിസിസി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറവും പ്രതിഷേധിച്ചു.