പട്ടയഭൂമിയിലെ മരം മുറി : തടസം ഉദ്യോഗസ്ഥരെന്ന് മന്ത്രിയും
1263961
Wednesday, February 1, 2023 10:19 PM IST
പത്തനംതിട്ട: പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിൽ തടസം നിൽക്കുന്നത് ഉദ്യോഗസ്ഥരെന്നു വനംമന്ത്രിയും. നിയമസഭയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തടസം നിൽക്കുന്ന വനം ഉദ്യോഗസ്ഥരുടെ നടപടി പരിശോധിക്കുമെന്നു മന്ത്രി അറിയിച്ചു. പട്ടയഭൂമിയിലെ മരം മുറിച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്തു വനം ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണെന്ന് എംഎൽഎ സബ്മിഷനിൽ ആരോപിച്ചിരുന്നു.
പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ ഒഴിച്ചുള്ള കർഷകർ നട്ടു വളർത്തിയ മരങ്ങൾ കർഷകർ മുറിക്കുന്നത് അനാവശ്യ വാദങ്ങൾ ഉയർത്തി ഉദ്യോഗസ്ഥർ തടസപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ നിലപാട് റാന്നി, കോന്നി വനംമേഖലയുമായി ചേർന്നുള്ള പട്ടയഭൂമിയിൽ കർഷകർക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്.
അനാവശ്യ തടസവാദം
1986ലെ പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് പ്രകാരം "വൃക്ഷം എന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ട് പോലുമില്ലാത്ത മരങ്ങൾ മുറിക്കുന്നതിനു പോലും തടസമുണ്ട്. നിലവിലുള്ള നിയമം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ നടപടി. 1960ലെ ഭൂമി പതിവ് നിയമം 64 ചട്ടമനുസരിച്ചു പട്ടയം നൽകിയ പ്രദേശമാണ് കോന്നി, റാന്നി താലൂക്കുകളിലായുള്ളവയിലേറെയും.
തടിവിലയും തറവിലയും അടച്ചു കർഷകർക്കു പതിച്ചുനൽകിയ ഭൂമിയിൽ എങ്ങനെയാണ് അതിന്റെ വിനിയോഗമെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സംരക്ഷിത മരങ്ങളായ ചന്ദനവും എബണിയുമൊന്നുമല്ലാത്ത കർഷകർ നട്ടുവളർത്തിയ പ്ലാവും ആഞ്ഞിലിയും മുറിച്ചാൽ പോലും പട്ടയം നൽകിയ ഭൂമിയിലെ ചട്ടം 3, 4 എന്നിവ ലംഘിച്ചുവെന്നാരോപിച്ചു വനം വകുപ്പ് കർഷകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തുവരികയാണ്. പട്ടയഭൂമിയിലെ റിസർവ് ചെയ്ത മരങ്ങൾ മുറിക്കാനാണ് നിയമപരമായ തടസമുള്ളത്. ഇതിനു മാത്രമേ അനുമതിയും ആവശ്യമുള്ളൂ. എന്നാൽ, നിയമം ദുർവ്യാഖ്യാനം ചെയ്തു കർഷകരെ ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥരെന്നു ജനീഷ് കുമാർ എംഎൽഎയും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരവും ചിലേടങ്ങളിൽ കേസെടുത്തിട്ടുണ്ട്. ഇത്തരം കേസുകളിൽ പലതും കോടതിയിൽ നിലനിൽക്കുന്നില്ല എങ്കിലും മുറിച്ചിട്ട തടി നശിച്ചുപോകുകയാണ്.
മുട്ടിൽ മരംമുറി
മുട്ടിൽ മരംമുറി വിവാദത്തിനു പിന്നാലെയാണ് മലയോര മേഖലയിൽ കർഷകരുടെ ബുദ്ധിമുട്ട് ഇരട്ടിച്ചത്. സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ ഒരു മരംപോലും മുറിക്കാനാകാത്ത സ്ഥിതിയുണ്ട്. വീടുകളിലുണ്ടാകുന്ന അടിയന്തര ആവശ്യങ്ങൾക്കാണ് പലരും മരംമുറിച്ചു വിൽക്കാൻ ശ്രമിക്കുന്നത്. ചികിത്സ ആവശ്യങ്ങളടക്കം ഇതിൽപെടും. മരം മുറിക്കാനുള്ള നീക്കമുണ്ടായാൽ തടസങ്ങളുമായി വനം ഉദ്യോഗസ്ഥരെത്തും. അനുമതി നൽകാറുമില്ല. രോഗികളായ കർഷകർ പോലും ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
മന്ത്രി പറഞ്ഞിട്ടും
പട്ടയഭൂമിയിലെ മരം മുറിക്കുന്നതിൽ തടസമില്ലെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെയും പറഞ്ഞിരുന്നതാണെന്നു കർഷകർ. പക്ഷേ, ഉദ്യോഗസ്ഥർ ഇതു പരിഗണിക്കുന്നില്ല. 1964ന് ശേഷം എൽഎ പട്ടയം ലഭിച്ച കർഷകർക്ക് ഇളവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. അന്നു നൽകിയ പട്ടയത്തിൽ ഒരു ചട്ടം അധികമായി വച്ചതാണ് വിനയായിരിക്കുന്നത്. ചട്ടപ്രകാരം പട്ടയം നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ളതും ഇനി വളരുന്നതുമായ ഷെഡ്യൂൾ പ്രകാരം തേക്ക് , വീട്ടി, ചന്ദനം ഉൾപ്പെടെയുള്ള പത്ത് ഇനം മരങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിരിക്കുമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
മുട്ടിൽ മരം മുറി കേസ് വരുന്നതു വരെ പട്ടയത്തിലെ ഈ ചട്ടം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു വർഷം മുമ്പു വരെ മരങ്ങൾ മുറിക്കാൻ റവന്യുവകുപ്പ് അനുമതി നൽകിയിരുന്നു. ഇവ വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുന്നതിനു വനം വകുപ്പ് പാസും നൽകിയിരുന്നു. മുട്ടിൽ മരം മുറി പ്രശ്നം വന്നതോടെയാണ് 1964നു ശേഷം നൽകിയ പട്ടയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങൾ ഉയർന്നുവരികയും കേരളത്തിൽ ആകമാനം ഉള്ള എൽഎ പട്ടയം ഉടമകൾക്കു മരം മുറിക്കാൻ അനുമതി നിഷേധിക്കുകയുമാണ് വനംവകുപ്പ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ നിലപാടുകളിൽ മാറ്റം വരുത്താൻ അവർ തയാറാകുന്നില്ല.