സാൻ ജോർജിയൻ "സങ്കേത ഗ്രാമം' യാഥാർഥ്യമായി
1262761
Saturday, January 28, 2023 10:29 PM IST
സത്ക്രിയ പുരസ്കാരം
ഫാ. ഡേവിസ് ചിറമ്മൽ ഏറ്റുവാങ്ങി
പത്തനംതിട്ട: ജീവിതത്തിൽ വാങ്ങുന്നതിനേക്കാൾ നൽകാൻ മനസ് കാണിക്കുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ. സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സത്ക്രിയ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മരണശേഷം എങ്കിലും നൽകാവുന്ന അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം നൽകത്തക്കവണ്ണം സമൂഹ മനസ് മാറണമെന്നും ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. കോട്ടയം ജില്ലയിൽ കുറവിലങ്ങാട്ടു റോഡ് സൈഡിൽ 40 സെന്റ് സ്ഥലം ഭൂരഹിതർക്ക് നൽകാൻ സാൻ ജോർജിയൻ സൊസൈറ്റിയെ ഏല്പിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.
ചന്ദനപ്പള്ളി സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി ഭൂരഹിതരായ മൂന്ന് കുടുംബാംഗങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി കൊടുമൺ ഇടത്തിട്ടയിൽ നൽകി ഭൂമിയുടെ അവകാശരേഖ മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു.
സത്ക്രിയ അവാർഡ് ഫാ. ഡേവിസ് ചിറമ്മലിന് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത സമ്മാനിച്ചു. ആതുരസേവന രംഗത്ത് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
സ്നേഹ സമ്മേളനം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, ഫാ. കെ.എസ്. ജോർജ്, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജേക്കബ് കുറ്റിയിൽ, ജസ്റ്റസ് നാടാവള്ളിൽ, ജേക്കബ് ജോർജ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.