പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം നടത്തണം: ചവറ ജയകുമാർ
1246638
Wednesday, December 7, 2022 10:59 PM IST
പത്തനംതിട്ട: കേരളത്തിൽ ഇന്ന് വ്യാപകമായി നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ സിവിൽ സർവീസിനെ തകർക്കുമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ. സെറ്റോ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിൻവാതിൽ നിയമനങ്ങൾ മൂന്നുലക്ഷം കവിഞ്ഞു. സ്പാർക്കിലൂടെ ശമ്പളം വാങ്ങുന്ന താത്കാലിക നിയമനക്കാരുടെ എണ്ണവും രണ്ടു ലക്ഷത്തിലധികമാണ്. 30 ലക്ഷത്തോളം യുവാക്കൾ നിയമനത്തിനുള്ള ഊഴം കാത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പടിവാതിൽക്കൽ മുട്ടിലിഴയുമ്പോഴാണ് സർക്കാരിന്റെ ജനവിരുദ്ധമായ ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോ ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. വി.പി. ദിനേശ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ അനിൽ തോമസ്, എ. സുരേഷ് കുമാർ, സുനിൽ എസ്. ലാൽ, സെറ്റോ ജില്ലാ കൺവീനർ എസ്. പ്രേം തുടങ്ങിയവർ പ്രസംഗിച്ചു.