വയോധിക ദന്പതികളെ ഗാന്ധിഭവൻ ഏറ്റെടുത്തു
1246306
Tuesday, December 6, 2022 10:31 PM IST
പത്തനംതിട്ട: വടശേരിക്കര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയെയും അടൂർ കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു.
ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് നിർമിച്ചു നൽകിയ വീടും സ്ഥലവും കുമ്പളാംപൊയ്ക സഹകരണ സംഘത്തിൽ ജാമ്യംവച്ച് ഇവരേ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൽ 5.50 ലക്ഷം രൂപ മരുമകൾ വായ്പയെടുത്തിരുന്നതായി പറയുന്നു. നിലവിൽ ഇത് 12 ലക്ഷത്തിന് ജപ്തിയിലാണ്. രോഗം ബാധിച്ച് ദിവാകരൻ കിടപ്പിലാണ്. അദ്ദേഹത്തെ പരിചരിച്ച് ഭാര്യ ഭാനുമതിയും അവശതയിലായി.
ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ട് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിലിന് ലഭിച്ച അപേക്ഷ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന് കൈമാറുകയായിരുന്നു.അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് സംരക്ഷണം അടൂർ കസ്തൂര്‍ബ ഗാന്ധിഭവൻ എറ്റെടുത്തത്
ഏറ്റെടുക്കൽ ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, വടശേരിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. യശോധരൻ, അംഗങ്ങളായ രാധാസുന്ദർ സിംഗ്, കെ.കെ. രാജീവ്, മലയാലപ്പുഴ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ജിത്തു പ്രകാശ്, അരുൺരാജ്, വടശേരിക്കര കുടുബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. സുരേഷ്, പാലിയേറ്റീവ് കെയർ നഴ്സ് സി.എം. സ്വപ്ന തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അടൂർ മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി, വികസനസമിതി ഭാരവാഹികളായ എസ്. മീരാസാഹിബ്, അഷ്റഫ് ഹാജി അലങ്കാർ, കെ. ഹരിപ്രസാദ്, സുധീർ വഴിമുക്ക്, മാനേജർ ജയശ്രീ എന്നീവരുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്.