തീരദേശവാസികൾ വികസന വിരോധികളല്ല: സാമുവേൽ മാർ ഐറേനിയോസ്
1246032
Monday, December 5, 2022 10:42 PM IST
പത്തനംതിട്ട: തീരദേശവാസികളെ വികസന വിരോധികളെന്ന് മുദ്രകുത്താനാകില്ലെന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളം, ഐഎസ്ആർഒ കേന്ദ്രം തുടങ്ങി തിരുവനന്തപുരത്ത് ഇന്നു കാണുന്ന പല വികസന പ്രവർത്തനങ്ങൾക്കും തങ്ങളുടെ സ്ഥലം വിട്ടുനൽകിയവരാണ് തീരദേശവാസികൾ. വിഴിഞ്ഞം തുറമുഖത്തിനും അവർ എതിരല്ല. പക്ഷേ അവരുന്നയിക്കുന്ന ആശങ്കകൾ പരിഹരിച്ചു മാത്രമേ പണികൾ മുന്പോട്ടു പോകാവൂവെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഒരിക്കലും ഭീകരപ്രവർത്തകരോ ദേശദ്രോഹികളോ അല്ല. എല്ലാവരെയും കരുതാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരു സമൂഹമാണിത്. മറ്റുള്ളവരുടെ നൊന്പരങ്ങൾ വേഗത്തിൽ മനസിലാക്കുന്ന ആ സമൂഹം നിരവധി ചൂഷണത്തിനു വിധേയരായിട്ടുമുണ്ട്. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്ന് അവരിൽ നിന്നുള്ളവർ കടന്നുവന്നിട്ടുണ്ട്. അവരെല്ലാം ഈ രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
സർക്കാരുകൾ അവർക്കു നൽകിയ വാഗ്ദാനങ്ങളേറെയും നടപ്പാക്കിയില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. സ്ഥലം സന്ദർശിക്കാൻ പോലും തയാറാകാതെ പദ്ധതിയെ പിന്തുണച്ചും മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെ തിരസ്കരിച്ചും മുന്പോട്ടു പോകുന്നതിനോടു യോജിപ്പില്ലെന്നും മാർ ഐറേനിയോസ് പറഞ്ഞു.
റെജി താഴമൺ അധ്യക്ഷത വഹിച്ചു. എംസിഎ പത്തനംതിട്ട രൂപത പ്രസിഡന്റ് തോമസ് ഏബ്രഹാം, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളായ കെ. ജയവർമ, ലാലു ജോൺ, തോമസുകുട്ടി പുന്നൂസ്, അബ്ദുൾകലാം ആസാദ്, സാംകുട്ടി പാലയ്ക്കാമണ്ണിൽ, തോമസ് ഡാനിയേൽ, മിനി സെബാസ്റ്റ്യൻ, ചെറിയാൻ ചെന്നീർക്കര, ബോബൻ താഴമൺ, മത്തായി മഴവഞ്ചേരിൽ, മനോജ് കാഞ്ഞിരംനിൽക്കുന്നതിൽ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.