സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിക്കണം - വികസന സമിതി
1245739
Sunday, December 4, 2022 10:46 PM IST
പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം തകരാറിലായത് പരിഹരിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന് സ്ഥലം സൗകര്യം കുറവായതിനാല്‍ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പത്തനംതിട്ടയില്‍ നിന്ന് അമൃത ഹോസ്പിറ്റല്‍ വരെ പോകുന്ന കെഎസ്ആര്‍ടിസി ബസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. പെട്രോള്‍ പമ്പുകളില കാലിബ്രേഷന്‍ സര്‍ട്ടിഫിക്കേഷന്റെ കാലാവധി തീയതി ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.
അബാന്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനു സമീപമുള്ള അനധികൃത വാഹന പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം. ശബരിമല തീര്‍ഥാടനം തുടങ്ങിയതിനാല്‍ ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഏതാനും മെഡിക്കല്‍ ഷോപ്പുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. ജല അഥോറിറ്റി ഉപേക്ഷിച്ച പൈപ്പുകള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കറിപൗഡറുകളിലും എണ്ണകളിലും മായം കലര്‍ത്തുന്നത് പരിശോധിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണം.
യോഗത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. റ്റോജി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍ നായര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ജെറി മാത്യു സാം, ബിജു മുസ്തഫ, മാത്യു മരോട്ടിമൂട്ടില്‍, മാത്യു ജി. ഡാനിയേല്‍, വി.ജി. മത്തായി, ജോർജ് കണ്ണാറയില്‍, ജോണ്‍ പോള്‍, ബിജു പരമേശ്വരന്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.