സാമൂഹിക പ്രതിബദ്ധതയിൽ എംസിആർഡിക്ക് നാലുപതിറ്റാണ്ട് ; ജൂബിലി സമാപനം ഇന്ന്
1245454
Saturday, December 3, 2022 11:30 PM IST
തെള്ളിയൂർ: മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും പുനരധിവാസവും സാധ്യമല്ലാതിരുന്ന കാലത്ത് ആരംഭിച്ചതാണ് തെള്ളിയൂർ എംസിആർഡിയും നവജ്യോതി സ്കൂളും.
മാർത്തോമ്മ സഭയുടെ സാമൂഹ്യപ്രതിബദ്ധതയുടെയും കരുതലിന്റെയും ഭാഗമായാണ് സ്കൂൾ ആരംഭിച്ചത്. കാലംചെയ്ത ഡോ. അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്ത, ഡോ. തോമസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്ത എന്നിവരുടെ എപ്പിസ്കോപ്പൽ രജത ജൂബിലിയുടെ ഭാഗമായി ഉയർന്നു വന്ന ആശയമായിരുന്നു സ്കൂളും എംസിആർഡിയും.
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തെ നവജ്യോതി സ്കൂളിന്റെ പ്രവർത്തനങ്ങളിലൂട ആയിരത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും ഒരുക്കാൻ കഴിഞ്ഞു. ഇപ്പോൾ 110 കുട്ടികൾ ഇവിടെ താമസിച്ചും അല്ലാതെയും പഠിക്കുന്നു.
20 കുഞ്ഞുങ്ങൾക്ക് ബേസിക് തെറാപ്പി നൽകി വിവിധ സ്കൂളുകളിൽ പഠിപ്പിക്കുന്നു. കുട്ടികളുടെ കഴിവുകൾ കോർത്തിണക്കി ഒരു മെഗാ ഷോ ടീമും ബാൻഡ് ട്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. 31 പേർ സ്ഥാപനത്തിൽ സമർപ്പിത ശുശ്രൂഷയിൽ പങ്കു ചേരുന്നുണ്ട്. നവജ്യോതി സ്കൂളിൽ പഠനം പൂർത്തിയാക്കിയ 18 വയസ് കഴിഞ്ഞവർക്ക് പുനരധിവാസവും വൊക്കേഷണൽ പരിശീലനവും സാദ്ധ്യമാക്കുന്നതിനായി അഞ്ചു കോടി രൂപ ചിലവിൽ പ്രബോധന റീഹാബിലിറ്റേഷൻ ആൻഡ് വൊക്കേഷണൽ സെന്റർ റൂബി ജൂബിലിയോടനുബന്ധിച്ച് ആരംഭിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എംസിആർഡിയിൽ നടക്കുന്ന ജൂബിലി സമാപന സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എംസിആർഡി സൊസൈറ്റി പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റൂബി സ്മാരക പ്രോജക്ടുകളായ പ്രബോധന റീഹാബിലിറ്റേഷൻ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനവും കെട്ടിട സമുച്ചയങ്ങളുടെ ശിലാസ്ഥാപനവും മുഖ്യസന്ദേശവും ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും.
എംസി ആർഡിനവജ്യോതി സ്കൂൾ ഏർലി ഇന്റർവെൻഷർ സെന്റർ സമർപ്പണം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിക്കും. ആന്റോ ആന്റണി എംപി സ്മരണിക പ്രകാശനം ചെയ്യും. മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്കായി ജീവിതം സമർപ്പിച്ചവരെ സഭാ സെക്രട്ടറി റവ. സി.വി. സൈമൺ ആദരിക്കും.