വാട്സാപ് ഉത്തരവുമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് യൂണിയൻ സംരക്ഷണം
1244041
Monday, November 28, 2022 10:51 PM IST
പത്തനംതിട്ട: റവന്യുവകുപ്പില്‍ വാട്സാപ് വഴി നിയമനഉത്തരവ് ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സംരക്ഷണമൊരുക്കി ഭരണാനുകൂല സംഘടന. നിയമന ഉത്തരവ് ലഭിക്കുന്നതിനു മുമ്പേ അടൂര്‍, കോന്നി താലൂക്കുകളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തുടരുകയാണ്. വിഷയം വിവാദമായതോടെ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയെ ജില്ലാ കളക്ടര്‍ അന്വേഷണത്തിനു നിയോഗിച്ചിരുന്നു.
വിവാദ നിയമനം ലഭിച്ചവരില്‍ നിന്ന് സബ്കളക്ടര്‍ മൊഴിയെടുത്തു. കളക്ടറേറ്റിലെ സീക്രട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എഡിഎം, ശിരസ്തദാര്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ 22നാണ് ഇവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ കളക്ടറേറ്റില്‍ നിന്ന് തപാലില്‍ അയച്ചത്. എന്നാല്‍ അടൂരില്‍ രണ്ടുപേരും കോന്നിയില്‍ ഒരാളും അന്നു രാവിലെ ജോലിയില്‍ പ്രവേശിച്ചു. കൊല്ലം സ്വദേശികളായ രണ്ടുപേര്‍ അടൂര്‍ താലൂക്ക് ഓഫീസിലും കലഞ്ഞൂര്‍ സ്വദേശി കോന്നി താലൂക്ക് ഓഫീസിലുമാണ് ജോലിക്കു കയറിയത്.
വാട്സാപ്പിലൂടെ ഇടതു യൂണിയന് നേതാക്കള്‍ ചോര്‍ത്തി നല്കിയ നിയമന ഉത്തരവിന്റെ പകര്‍പ്പുമായാണ് ഇവര്‍ ജോലിക്കെത്തിയതെന്നു പറയുന്നു. കോഴഞ്ചേരി തഹസില്‍ദാര്‍ക്കായിരുന്നു കോന്നിയുടെ കൂടി ചുമതലയെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാല്‍ ചുമതലപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനാണ് നിയമനം നല്‍കിയത്.
സീക്രട്ട് സെക്ഷനിലെ കംപ്യൂട്ടറില്‍ നിന്നു യൂണിയന് നേതാക്കള്‍ ഇടപെട്ട് നിയമന ഉത്തരവ് ചോര്‍ത്തി നല്‍കിയതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിയമനം ലഭിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ ജോയിന്റ് കൗണ്‍സില്‍ അംഗത്വം എടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നതായി പറയുന്നു. സംഘടനയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിലേക്ക് ഇവര്‍ക്ക് ഉത്തരവ് വാങ്ങി നല്കിയെന്നാണാരോപണം.
സീക്രട്ട് സെക്ഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്‍ പലരും അവധിയിലായിരുന്ന ദിവസം കംപ്യൂട്ടര്‍ തുറന്ന് ഉത്തരവ് ചോര്ത്തുകയായിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.
ഉത്തരവു ചോര്‍ത്തിയവര്‍ക്കെതിരേ
നടപടി വേണം: ഫെറ്റോ
പത്തനംതിട്ട: ജില്ലാ കളക്ടറുടെ എല്‍ഡി ക്ലാര്‍ക്ക് നിയമന ഉത്തരവ് ചോര്‍ത്തി നല്കി നിയമനചട്ടം ലംഘിച്ച കുറ്റക്കാരായ ഭരണാനുകൂല സംഘടനാ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നടക്കുന്നതിരുവല്ല സബ് കളക്ടറുടെ വകുപ്പുതല അന്വേഷണം കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ സംഘ് നേതാക്കള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ നേരില്‍കണ്ട് നിവേദനം നല്കി.
കുറ്റാരോപിതരായ നേതാക്കള്‍ ഇപ്പോഴും കളക്ടറേറ്റില്തന്നെ തുടരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഭരണപരമായ സ്വാധീനം ഉപയോഗിച്ച് വ്യാജരേഖകള്‍ ചമച്ചും തെളിവുകള്‍ നശിപ്പിച്ചും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടായതായി ഫെറ്റോ ഭാരവാഹികളും ആരോപിച്ചു.
കുറ്റാരോപിതരായ മുഴുവന്‍പേരെയും ഓഫീസില്‍നിന്നും മാറ്റിനിര്‍ത്തി നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണമാണ് വേണ്ടതെന്ന് എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എ.പ്രകാശും ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും അഭിപ്രായപ്പെട്ടു.