മെലഡി ഓഫ് നേച്ചര് നെബുവിന്റെ വീടിനു സ്വന്തം
1224212
Saturday, September 24, 2022 11:12 PM IST
പത്തനംതിട്ട: കേരളത്തിലെ 44 നദികളെക്കുറിച്ച് അറിയാനും അവയിലെ വെള്ളവും മണ്ണും നേരിട്ടു കാണാനുമൊക്കെ കോഴഞ്ചേരി തെക്കേമലയില് ഒരു മ്യൂസിയമുണ്ട്. നെബു തടത്തിലെന്ന ജലസംരക്ഷണ പ്രവര്ത്തകന് ഒരുക്കിയിട്ടുള്ള മ്യൂസിയത്തിന്റെ പേര് മെലഡി ഓഫ് നേച്ചര് എന്നാണ്.
വ്യത്യസ്തവും നൂതനവുമായ പ്രവര്ത്തനങ്ങളിലൂടെ ശ്രദ്ധേയനായ നെബു തടത്തില് പരിസ്ഥിതി, ജലസംരക്ഷണ പ്രചാരണത്തിനുവേണ്ടിയാണ് സ്വന്തം വീട്ടില്ത്തന്നെ ഇത്തരമൊരു മ്യൂസിയം തയാറാക്കിയത്. കേരളത്തിലെ 44 നദികളും പ്രധാന കായലുകളും നേരിട്ടു സന്ദര്ശിച്ച് വിവരങ്ങള് ശേഖരിക്കുകയും മലിനീകരണത്തിനെതിരേ ശബ്ദമുയര്ത്തുകയും ചെയ്യുന്ന ഇദ്ദേഹം ഭാവിതലമുറയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ പ്രവര്ത്തനങ്ങള് നടത്തുന്നത്. ജലാശയ സന്ദര്ശനങ്ങളുടെ ഭാഗമായി അവിടെനിന്നു മണ്ണും വെള്ളവും തത്സമയ കൗതുക ഫോട്ടോകളും നെബുവിന്റെ മ്യൂസിയത്തിലുണ്ട്. ഗംഗാനദി ഉള്പ്പെടെ നെബു സന്ദര്ശിച്ച മറ്റു നദികളിലെ വെള്ളവും ശേഖരിച്ചു വച്ചിട്ടുണ്ട്. വിദ്യാര്ഥികളടക്കം ധാരാളം ആളുകള് മ്യൂസിയം ഇതിനോടകം കണ്ടുകഴിഞ്ഞു.
കുട്ടികളില് നദീസംരക്ഷണ അവബോധം വളര്ത്താനായി റിവര് ഷൂട്ട് എന്നൊരു ഗെയിം രൂപപ്പെടുത്തി സ്കൂളുകളിലെത്തിച്ചിട്ടുണ്ട്. വിദ്യാര്ഥികളുടെയിടയില് ജലസംരക്ഷണ പ്രവര്ത്തനങ്ങള്ക്കായി കാമ്പയിനും നടത്തിയിരുന്നു. ബിസിനസ് മേഖലയില് പ്രവര്ത്തിക്കുന്നതിനൊപ്പം സഞ്ചാര സാഹിത്യകാരന് കൂടിയായ നെബു തടത്തിലിന്റേതായി ആറ് പുസ്തകങ്ങള് പുറത്തിറങ്ങിയിട്ടുണ്ട്. ഭാര്യ: ആനി തോമസ്. മക്കള്: നീതു, നിര്മ.