അംഗീകൃത സൂംബ ഇൻസ്ട്രക്ടർമാർ സ്കൂളുകളിൽ പരിശീലനം നൽകണമെന്ന്
1575111
Saturday, July 12, 2025 6:08 AM IST
കൊല്ലം : സ്കൂളുകളിൽ സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകുമെന്നും അംഗീകൃത സൂംബ ഇൻസ്ട്രക്ടർമാരായ 'സിൻ' പരിശീലകരെ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
സൂമ്പ ഇൻസ്ട്രക്ടർമാരുടെ കൂട്ടായ്മയായ 'സിൻ' വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് നിവേദനം നൽകി. സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ. ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും.
അതിനാൽ അംഗീകൃത സൂംബ ഇൻസ്ട്രക്ടർമാരായ സിൻ അംഗങ്ങളെക്കൊണ്ട് മാത്രം സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നും കരുതൽ സൂംബ - യോഗ ആന്റ് കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പല സ്കൂളുകളിലും സൂംബയെന്ന പേരിൽ സംഗീതത്തിന്റെ അകമ്പടിയോടെ എയ്റോബിക്സ് പഠിപ്പിക്കുന്നുണ്ടെന്നും സൂംബ തന്നെ പഠിപ്പിക്കുവാൻ സൂംബ ഇൻസ്ട്രക്്ടർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അമൃതകുളം ഗവ. ലോവർ പ്രൈമറി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ മലയാളത്തിലെ പ്രഥമ സൂംബ പഠന പുസ്തകമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ ‘സൂംബ ഡാൻസ് ഫിറ്റ്നസ്?’ മന്ത്രിശിവൻകുട്ടിക്ക് കൈമാറി. എം. നൗഷാദ് എം എൽ എ, മേയർ ഹണി, കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, സിൻ ജോസ്ഫിൻ ജോർജ്, ജോർജ് .എഫ്. സേവ്യർ വലിയവീട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.