ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം നാളെ മുതല്‍
1461272
Tuesday, October 15, 2024 6:47 AM IST
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി മേലാങ്കോട്ട് ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മൂന്നുനാള്‍ നീളുന്ന പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 10നു മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ജിയുപി സ്കൂള്‍ ഹാളില്‍ ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും.
നിരൂപകന് ഇ.പി. രാജഗോപാലന്‍ വിശിഷ്ടാതിഥിയായിരിക്കും. വൈകുന്നേരം നാലിനു നടക്കുന്ന വയലാര്‍ അനുസ്മരണവും വയലാര്‍ കവിതാലാപന മത്സരവും കവി ദിവാകരന് വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യും. കവി നാലപ്പാടം പത്മനാഭന് അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് അതിയാമ്പൂര് ബാലബോധിനി ഗ്രന്ഥാലയം അവതരിപ്പിക്കുന്ന കലാപരിപാടികള്‍ 17നു വകുന്നേരം നാലിനു നടക്കുന്ന പി. ഭാസ്കരന് അനുസ്മരണ സമ്മേളനവും പി. ഭാസ്കരന് രചിച്ച സിനിമാ ഗാനങ്ങളുടെ ആലാപന മത്സരവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സി.എം. വിനയചന്ദ്രന് ഉദ്ഘാടനം ചെയ്യും. ആലാപന മത്സരങ്ങള്‍ക്ക് പ്രായപരിധിയില്ല. 18ന് ഉച്ചയ്ക്കു 2.30നു സമാപന സമ്മേളനം.
50 പ്രസാധകരുടെ 70 പുസ്തക സ്റ്റാളുകളാണ് മേളയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളിലും രാത്രി എട്ടു വരെ പുസ്തകമേളയുണ്ടാകും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി. പ്രഭാകരന്, പി.വി.കെ. പനയാല്‍, പി. ബിജു, ടി. രാജന്, പി. വേണുഗോപാലന്‍, പ്രഫ.വി. കരുണാകരന്, ടി.കെ. നാരായണന്, സുനില്‍ പട്ടേന, എ.കെ. ആല്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.