തദ്ദേശസ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നാളെ മുതൽ
1599029
Sunday, October 12, 2025 1:33 AM IST
കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തവണത്തെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പുകൾ നാളെ തുടങ്ങും. വിവിധ പാർട്ടികളിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പ്രാദേശിക നേതാക്കളെ സംബന്ധിച്ചേടത്തോളം നിർണായകമാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ്. കാഞ്ഞങ്ങാട്,കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകൾക്ക് കീഴിലുളള ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് നാളെ നടക്കുക.
നീലേശ്വരം, പരപ്പ, കാസർഗോഡ് ബ്ലോക്കുകൾക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 14 നു നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 18 നും ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 21 നുമാണ്. രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. രാഷ്ട്രീയ കക്ഷികൾക്ക് ഒരു പഞ്ചായത്തിൽനിന്ന് പരമാവധി രണ്ട് പ്രതിനിധികളെ വീതം പങ്കെടുപ്പിക്കാം. നറുക്കെടുപ്പിനെത്തുന്നവർ അതത് കക്ഷികളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചുമതലപ്പെടുത്തിയ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.