തട്ടിപ്പുകാർ കൈക്കലാക്കിയ 50 ലക്ഷം രൂപ തിരികെ പിടിച്ച് സൈബർ പോലീസ്
1599028
Sunday, October 12, 2025 1:33 AM IST
കാഞ്ഞങ്ങാട്: വയോധികരായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പുകാർ കൈക്കലാക്കിയ 50 ലക്ഷം രൂപ കാസർഗോഡ് സൈബർ പോലീസ് തിരികെ പിടിച്ചു. ആകെ 2.40 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. ഇൻഡസ് ഇൻഡ് ബാങ്കിന്റെ ബിഹാറിലെ സമ്പത്ചക്ക് ബ്രാഞ്ചിൽ നിന്നാണ് 50 ലക്ഷം രൂപ തിരികെ പിടിച്ചത്.
കാഞ്ഞങ്ങാട് സ്വദേശികായ റിട്ട. മുഖ്യാധ്യാപകനും റിട്ട. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറായ ഭാര്യയുമാണ് സൈബർ തട്ടിപ്പിനിരയായത്. കഴിഞ്ഞ ഓഗസ്റ്റ് 12 മുതൽ 20 വരെ തീയതികളിൽ പല തവണയായിട്ടാണ് പണം തട്ടിയത്. ദമ്പതികൾ മണി ലോണ്ടറിംഗ് കേസിൽ ഉൾപ്പെട്ടതായി പറഞ്ഞു വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞത്. തുടർന്ന് ഇവരുടെ അക്കൗണ്ടിലെ പണം മുഴുവനും തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു.
പിന്നീട് പണം നഷ്ടമായതായി മനസിലായതോടെ കാസർഗോഡ് സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന്റെ ഇടപെടലിലൂടെ ഇതുവരെ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്ന് 57 ലക്ഷം രൂപ മരവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ 50 ലക്ഷം രൂപയാണ് കോടതി മുഖേന ഡിഡി ആയി തിരിച്ചെത്തിച്ചത്. കാസർഗോഡ് സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ യു.പി.വിപിന്റെ മേൽനോട്ടത്തിൽ എസ്ഐ രവീന്ദ്രൻ, കെ.ബി.ഷിനു, പ്രശാന്ത്, രഞ്ജിത്ത്, സുധേഷ് എന്നിവരടങ്ങിയ സംഘമണ് കേസന്വേഷണം നടത്തിയത്.