വിവാദ മൈം: കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾക്ക് മടി
1599026
Sunday, October 12, 2025 1:33 AM IST
കാസർഗോഡ്: ജില്ലയിലെ മറ്റെല്ലാ ഉപജില്ലകളിലും സ്കൂൾ കലോത്സവങ്ങൾക്ക് വേദിയൊരുങ്ങിയിട്ടും കുമ്പള ഉപജില്ലയിലെ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾക്ക് മടി. പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട വിവാദ മൈം ഉപജില്ലാ കലോത്സവത്തിലും അവതരണത്തിനെത്തുമെന്ന ആശങ്കയാണ് സ്കൂളുകളെ പിന്നോട്ടു വലിക്കുന്നതെന്നാണ് സൂചന.
ഇതിനു മറുപടിയായി ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവും പഹൽഗാം സംഭവവുമൊക്കെ എതിർപക്ഷത്തുനിന്നും അവതരിപ്പിക്കപ്പെട്ടേക്കാമെന്നും അനിഷ്ടസംഭവങ്ങളെന്തെങ്കിലും ഉണ്ടായാൽ സ്കൂൾ അധികൃതരും അധ്യാപകരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നുമാണ് ആശങ്ക.
കലോത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഉപജില്ലയിലെ മുഖ്യാധ്യാപകരുടെ യോഗം വിളിച്ചുചേർത്തപ്പോൾ ഇത്തവണ മുള്ളേരിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ നിർദേശം. എന്നാൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാൽ ഇത്തവണ കലോത്സവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കിത്തരണമെന്നായിരുന്നു മുള്ളേരിയ സ്കൂളിലെ മുഖ്യാധ്യാപകൻ നൽകിയ മറുപടി. എന്നിട്ടും മുള്ളേരിയ സ്കൂളിനെത്തന്നെ ആതിഥേയരായി നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഉത്തരവിറങ്ങി.
ഇതിനു തൊട്ടുപിന്നാലെ സ്കൂൾ പിടിഎ യോഗം ചേർന്ന് ഇതിനെതിരായി വിദ്യാഭ്യാസ ഉപഡയരക്ടർക്ക് കത്തുനൽകാൻ തീരുമാനിച്ചിരിക്കുകയാണ്. സ്കൂൾ അധികൃതരുമായി ചർച്ച നടത്തി ആശങ്കകൾ ദൂരീകരിക്കാനാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ തീരുമാനം.
ഉപജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി 12 ലക്ഷം രൂപയാണ് സർക്കാരിൽ നിന്ന് ആതിഥേയ വിദ്യാലയത്തിന് ലഭിക്കുക. എന്നാൽ ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നും ബാക്കി തുക പിടിഎയും നാട്ടുകാരും ചേർന്ന് വഹിക്കേണ്ടിവരുമെന്നും സ്പോൺസർമാരെ തേടി അലയേണ്ടിവരുമെന്നുമാണ് മിക്ക സ്കൂൾ അധികൃതരും പറയുന്നത്.
ക്രമസമാധാന പ്രശ്നം സംബന്ധിച്ച ആശങ്ക ആരും പരസ്യമായി പറയുന്നില്ലെങ്കിലും കുമ്പള ഉപജില്ലയിൽ മാത്രം സാമ്പത്തിക ബാധ്യതയുടെ പേരിൽ സ്കൂളുകൾ ഒഴിഞ്ഞുനിൽക്കുന്നതിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്ന് വ്യക്തമാണ്.
പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം അധ്യാപകരുടെ മേൽ ചുമത്തി സർക്കാർ കൈയൊഴിയുമെന്ന ആശങ്കയാണ് അധ്യാപക സംഘടനകൾക്കും ഉള്ളത്.