പി.ടി.ബെന്നിക്ക് സദ്ഭാവന പുരസ്കാരം
1460276
Thursday, October 10, 2024 8:37 AM IST
കാഞ്ഞങ്ങാട്: ജേക്കബ് വര്‍ഗീസ് മാസ്റ്ററുടെ അനുസ്മരണാര്ഥം എഡ്യുക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന സദ്ഭാവന അധ്യാപക പുരസ്കാരത്തിന് ചെമ്മനാട് വെസ്റ്റ് ജിയുപി സ്കൂള്‍ മുഖ്യാധ്യാപകന്‍ പി.ടി. ബെന്നി അര്‍ഹനായി.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നു സീസണിലും മൂന്നു വ്യത്യസ്ത വിദ്യാലയങ്ങളെ സംസ്ഥാന തലത്തില്‍ ഫൈനലിലെത്തിക്കാന്‍ നേതൃത്വം വഹിച്ച സംസ്ഥാനത്തെ ഏക അധ്യാപകനായ ബെന്നി മികച്ച അധ്യാപക പരിശീലകനും സംഘാടകനുമാണ്. സഹകാരിത സമ്മാന്‍ സഹകരണ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് അര്‍ഹമായി. 10,001 രൂപ വീതം അടങ്ങിയ പുരസ്കാരങ്ങള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 നു ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ചെയര്മാന് അലോഷ്യസ് ജോര്‍ജ്, കണ്‍വീനര്‍ ജോര്‍ജ്കുട്ടി ജോസഫ്, രക്ഷാധികാരികളായ ടി.കെ. എവുജിന്‍, കെ.പി. മുരളീധരന്, കുഞ്ഞിക്കണ്ണന് കരിച്ചേരി, ട്രഷറര്‍ സി.ഇ. ജയന്, വൈസ് ചെയര്മാന് പി.കെ. ബിജു എന്നിവര്‍ സംബന്ധിച്ചു.