മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ് തയാറാക്കിയ ആദ്യജില്ലയായി കാസര്‍ഗോഡ്
1459772
Tuesday, October 8, 2024 8:15 AM IST
കാസര്‍ഗോഡ്: ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയാറാക്കി. 38 പഞ്ചായത്ത്, മൂന്നു മുനിസിപ്പാലിറ്റി, ആറു ബ്ലോക്ക് പഞ്ചായത്തിലും ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ജലബജറ്റ് തയാറാക്കിയത്. ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്രോഡീകരിച്ച ജലബജറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡിപിസി ഹാളില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയാകും.
കോഴിക്കോട് കേന്ദ്ര ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്യുആര്‍ഡിഎം) സാങ്കേതിക നിര്‍ദേശത്തോടെയാണ് ജലബജറ്റ് രൂപപ്പെടുത്തിയത്. ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കണ്‍വീനര്‍ ആയ ജില്ലാ തല സാങ്കേതിക സമിതിയും മേല്‍നോട്ടം വഹിച്ചു.
ജില്ലാ ജലസുരക്ഷ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ജില്ലാ പഞ്ചായത്ത് ജല ബജറ്റ് തയാറാക്കിയത്. ജില്ലയിലെ നദികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയിലുണ്ടായ മഴയുടെ അളവ് ജില്ലയുടെ ജലലഭ്യതയായി കണക്കാക്കി. അതിനുപുറമെ ഗാര്‍ഹിക മേഖലയില്‍, കാര്‍ഷിക രംഗത്ത്, മൃഗസംരക്ഷണ മേഖലയില്‍ , വാണിജ്യ വ്യവസായ മേഖലയില്‍, ടൂറിസം രംഗത്ത്, ഉള്‍പ്പെടെ ഉപയോഗിച്ച വെള്ളത്തിന്റെ കണക്കുകൂടി പരിശോധിച്ചാണ് ജല ബജറ്റ് തദ്ദേശഭരണതലത്തില്‍ തയാറാക്കിയിട്ടുള്ളത്. ജലലഭ്യതയും ജല വിനിയോഗവും കണക്കാക്കി പ്രതിദിന ശരാശരി കണക്കാക്കിയാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ബജറ്റ് തയാറാക്കിയിട്ടുള്ളത്.
പഞ്ചായത്തുകള്‍ തയാറാക്കിയ ജലബജറ്റ് ബ്ലോക്ക് തലത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇങ്ങനെ ബ്ലോക്ക് തലത്തില്‍ ക്രോഡീകരിച്ച ജലബജറ്റ് ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്രോഡീകരിച്ചാണ് ജില്ലാ പഞ്ചായത്ത് ജലബജറ്റ് തയാറാക്കിയത്.
ജലത്തിന്റെ ലഭ്യത, മഴയുടെ ലഭ്യത, ജലവിനിയോഗം രൂക്ഷമായ വരള്‍ച്ചക്കുള്ള സാധ്യതയുള്ള കാലയളവ് എന്നിവ മനസിലാക്കാന്‍ ജലബജറ്റ് സഹായിക്കും.
സംസ്ഥാനത്ത് രൂക്ഷമായ ഭൂജലക്ഷാമം നേരിടുന്ന കാസര്‍ഗോഡ് ബ്ലോക്ക് സെമി ക്രിട്ടിക്കല്‍ ബ്ലോക്ക് ആയ മഞ്ചേശ്വരം എന്നിവയുടേയും സംസ്ഥാനത്ത് കുടിവെള്ള , ഭൂജലക്ഷാമം രൂക്ഷമായിട്ടുള്ള കാസർഗോഡ് ജില്ലയുടെ പൊതുവിലുള്ള ജല പ്രശ്നം എന്നിവയുടെ പ്രത്യേകതകള്‍ പരിഗണിച്ചാണ് ജലബജറ്റ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജലബജറ്റ് തയാറാക്കുന്നത് തുടര്‍ന്ന് ജലസുരക്ഷാ പ്ലാന്‍ തയാറാക്കുമെന്ന് ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണൻ അറിയിച്ചു.