മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ പങ്കെടുക്കണം റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഇന്നുമുതല്‍
1458668
Thursday, October 3, 2024 6:15 AM IST
കാസര്‍ഗോഡ്: മുന്‍ഗണനാ വിഭാഗത്തിൽ പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ പേരുടെയും ഇ-കെവൈസി മസ്റ്ററിംഗ് ഇന്നു മുതല്‍ എട്ടു വരെ നടക്കും. കാര്‍ഡില്‍ പേരുള്ളവരെല്ലാം റേഷന്‍ കടകളിലെത്തി ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിച്ച് മസ്റ്ററിംഗ് നടത്തണം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയവര്‍ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഫ്രെബ്രുവരിയിലും മാര്‍ച്ചിലും മസ്റ്ററിംഗ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.
കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പുരോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ഇ-മസ്റ്ററിംഗ് വീടുകളിലെത്തി നടത്തും.
സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ- കെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണു മസ്റ്ററിംഗ് നടത്തുന്നത്. അന്ത്യോദയ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാർഡ്) വിഭാഗത്തിലെ അംഗങ്ങള്‍ മസ്റ്ററിംഗ് നടത്തണം. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചവരും ഫെബ്രുവരിയിലും മാര്‍ച്ചിലും മസ്റ്ററിംഗ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.
മസ്റ്ററിംഗ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി പരിശോധിക്കാം. ഇതിനായി https://epos.kerala.gov.in/ SRC_Trans_Int.jsp എന്ന വെബ്സൈറ്റില്‍ കയറി റേഷന്‍ കാര്‍ഡ് നമ്പര്‍ അടിച്ചു കൊടുക്കുക. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേരു വിവരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി E-Ky-c സ്റ്റാറ്റസ് കാണാം.
അതില്‍ Done എന്നാണ് കാണുന്നത് എങ്കില്‍ അവര്‍ മസ്റ്ററിംഗ് നടത്തിയിട്ടുണ്ട് എന്നര്‍ഥം. എന്നാല്‍ Not Done എന്നാണെങ്കില്‍ ഇല്ല എന്നര്‍ഥം. മസ്റ്ററിംഗിന് എത്തുമ്പോള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.