ഊരുകളിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
1458667
Thursday, October 3, 2024 6:15 AM IST
പാലാവയൽ: പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയുൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുണ്ടാരം, മുക്കട ഉന്നതികളിൽ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. ഊരുമൂപ്പൻ ഇളയിടത്ത് പത്മനാഭൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി,
വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. മോഹനൻ, മേഴ്സി മാണി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, തേജസ് ഷിന്റോ എന്നിവർ പ്രസംഗിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ബാബു പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി കുണ്ടാരത്ത് സാംസ്കാരികനിലയവും ലൈബ്രറിയും സ്ഥാപിക്കും.
ഊരുകളിലെ കുടുംബങ്ങൾക്ക് വ്യക്തിഗത ആനുകൂല്യങ്ങൾ നല്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തും. ഇതനുസരിച്ച് ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത എട്ടു കുടുംബങ്ങൾക്ക് പുതുതായി വീടു വയ്ക്കാൻ സഹായം നല്കും. മുക്കടയിൽ മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ് പാലം നിർമിക്കാനും തൊഴിലാളികൾക്ക് യന്ത്രങ്ങളും വാദ്യകലാ സംഘത്തിന് ഉപകരണങ്ങളും നല്കാനും പദ്ധതി തയാറാക്കും.