കാടുകയറ്റിയ ഒറ്റയാൻ നാലുനാൾക്കകം തിരിച്ചെത്തി
1454247
Thursday, September 19, 2024 1:42 AM IST
അഡൂർ: മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് നാളുകളുടെ ശ്രമഫലമായി കാടുകയറ്റിയ ഒറ്റയാൻ നാലുദിവസത്തിനകം സൗരോർജവേലി മറികടന്ന് തിരിച്ചെത്തി. പുലിപ്പറമ്പിലെ സൗരോർജവേലി മറികടന്ന് ചൂരലടി എന്ന സ്ഥലത്താണ് ആനയെത്തിയത്.
ഇത് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന പതിവു വഴിയാണ്. ഇവിടെനിന്നുതന്നെ ആനയെ തിരിച്ചോടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും കാറഡുക്ക, മുളിയാർ മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത.
നാളുകളായി മുളിയാറിൽ തമ്പടിച്ചിരുന്ന ആനയെ വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയുടെ നേതൃത്വത്തിൽ ഒരു മാസത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ദേലംപാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന പുലിപ്പറമ്പിലെ വനാതിർത്തി കടത്തിയത്. ആന ഇവിടെയെത്തുന്നതു വരെയുള്ള വഴിയിലെ കൃഷിയിടങ്ങളിലെല്ലാം വ്യാപകനാശവും ഉണ്ടാക്കിയിരുന്നു. ഉത്രാടത്തലേന്ന് വെള്ളിയാഴ്ച രാത്രിയാണ് ആന വനാതിർത്തി കടന്നത്.
എന്നാൽ തിങ്കളാഴ്ച രാത്രി തന്നെ ഇതേ ആന വനാതിർത്തിയിൽ തിരികെയെത്തി. ആന സൗരോർജവേലി കടക്കുന്നത് തടയാൻ ആർആർടി സംഘം രാത്രി 12 മണി വരെ കാവൽ നിന്നിരുന്നു.
എന്നാൽ ഈ സംഘം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ പകരം ഇവിടെ ഡ്യൂട്ടിക്കു കയറാൻ ജീവനക്കാരുണ്ടായിരുന്നില്ല. കാവൽക്കാരില്ലാതായതിനു പിന്നാലെ പുലർച്ചെയോടെ ആന സൗരോർജവേലി മറികടക്കുകയായിരുന്നു.
സൗരോർജവേലിയിൽ ആവശ്യത്തിന് ചാർജുണ്ടെന്ന് പറയുമ്പോഴും ആനകൾ കാര്യമായ ബുദ്ധിമുട്ടില്ലാതെ ഇത് മറികടക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ ഇനിയും വനംവകുപ്പിന് സാധിച്ചിട്ടില്ല. വേലിയുണ്ടായിട്ടും വനംവകുപ്പ് ജീവനക്കാരോ നാട്ടുകാരോ കാവൽ നിന്ന് പടക്കം പൊട്ടിച്ചാൽ മാത്രമേ ആനയെ തടയാൻ കഴിയൂ എന്ന നിലയാണ്.
ഇനി എത്രയും വേഗത്തിൽ ആനയെ ഇവിടെനിന്നുതന്നെ തിരിച്ചയക്കാനുള്ള നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.