മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തിട്ടില്ല, ആരേയും വഞ്ചിച്ചിട്ടില്ല: ട്രാവല്‍സ് ഉടമകള്‍
1453969
Wednesday, September 18, 2024 1:28 AM IST
കാസര്‍ഗോഡ്: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ആര്‍ക്കും വിസ നല്‍കിയിട്ടില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമ്പളയിലെ ട്രാവല്‍സ് ഉടമകളായ കെ.കെ. റഹീം, കെ.കെ. അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയുമായി ഇവര്‍ക്കെതിരെ കര്‍ണാടക സ്വദേശികളായ ചിലര്‍ കഴിഞ്ഞ ദിവസം കുമ്പളയില്‍ പത്രസമ്മേളനം നടത്തിയിരുന്നു.
ഈ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും വസ്തുത വിരുദ്ധമാണ്. പരാതി ഉന്നയിച്ചവരുമായി സ്ഥാപനത്തിനോ നടത്തിപ്പുകാര്‍ക്കോ ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് ഇവര്‍ പറഞ്ഞു. ജോലി വാഗ്ദാനം നല്കി അവരെയോ ജോലിക്കായി അവര്‍ സ്ഥാപനത്തെയോ നടത്തിപ്പുകാരെയോ ബന്ധപ്പെട്ടിട്ടില്ല.
തലപ്പാടി ടോള്‍ഗേറ്റിനു സമീപം കെസി റോഡ് എന്ന സ്ഥലത്തെ താമസക്കാരനായ റിയാസ് ടിക്കറ്റ് എടുക്കാനായി ഇടയ്ക്കൊക്കെ ട്രാവല്സില് വരാറുണ്ട്.
രണ്ടുമാസം മുന്‍പ് ഇങ്ങനെ വന്നപ്പോള്‍ കുറച്ചു പേര്‍ക്ക് മലേഷ്യയിലേക്ക് ടിക്കറ്റ് വേണമെന്നു പറഞ്ഞു. ഹോട്ടല്‍ ബുക്കിംഗ്, അറൈവല്‍ കാര്‍ഡ്, മലേഷ്യന്‍ കറന്‍സി എന്നീ സേവനങ്ങള്‍ ചെയ്തുതരണമെന്നും ആവശ്യപ്പെട്ടു.
പിറ്റേദിവസം ഇതേയാള്‍ ട്രാവല്‍സിലേക്ക് ഫോണ്‍ ചെയ്ത് മലേഷ്യയിലേക്ക് ടിക്കറ്റ് എടുക്കേണ്ട ആള്‍ക്കാരെ ട്രാവല്‍സിലേക്ക് കൊണ്ടുവന്നോട്ടെ എന്നു ചോദിച്ചു. അടുത്ത ദിവസങ്ങളിലായി ഇവരെ ട്രാവല്‍സിലേക്കു കൊണ്ടുവരികയും കന്നഡ ഭാഷയില്‍ ഇവര്‍ തമ്മില്‍ സംസാരിച്ച് തിരിച്ചുപോകുകയും ചെയ്തു. നേരത്തെ ആവശ്യപ്പെട്ട സേവനങ്ങള്‍ക്കുള്ള തുക റിയാസ് അവരെക്കൊണ്ടു തന്നെ അക്കൗണ്ടിലേക്ക് ഇടുവിക്കുകയും ചെയ്തു. ഇതിനുള്ള ട്രാവല്‍സ് ചെയ്യേണ്ട സേവനങ്ങള്‍ കൃത്യമായി ചെയ്തും കൊടുത്തു.
മലേഷ്യയില്‍ നിന്നു തിരിച്ചു വന്ന ചിലര്‍ പിന്നീടാണ് ട്രാവല്‍സ് ഓഫീസില്‍ എത്തി തട്ടിക്കയറുകയും നിങ്ങളുടെ പാര്‍ട്ണര്‍ റിയാസ് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇതിനായി 1.35 ലക്ഷം രൂപ വീതം വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന കാര്യം പറയുകയും ചെയ്തു.
റിയാസ് പാര്‍ട്ണര്‍ അല്ലെന്നും ടിക്കറ്റ് എടുക്കാന്‍ വരാറുള്ള ആള് മാത്രമാണെന്നും നിങ്ങള്‍ ഞങ്ങളുടെ അക്കൗണ്ടില്‍ ഇട്ടു തന്ന പണത്തിനുള്ള സേവനം കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ബാക്കിയൊന്നും തങ്ങള്‍ക്കറിയില്ലെന്നും പറഞ്ഞു.
റിയാസുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തിരിച്ചുപോയ ഇവരാണ് റിയാസിന്റെ വഞ്ചനയ്ക്ക് ട്രാവല്‍സിനെതിരെ കള്ളക്കേസ് കൊടുക്കുകയും പത്രസമ്മേളനം വിളിച്ച് ആരോപണങ്ങളുന്നയിച്ച് സാമൂഹമധ്യത്തില് അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ട്രാവല്‍സ് നടത്തിപ്പുകാര്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്ത റിയാസിനെതിരെ കുമ്പള, ഉള്ളാള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
റിയാസ് ആവശ്യപ്പെട്ടതു പ്രകാരം കര്‍ണാടക സ്വദേശികള്‍ക്കു ചെയ്തുകൊടുത്ത സേവനങ്ങളെക്കുറിച്ചും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചതായും ഉടമകള്‍ പറഞ്ഞു.