കാസർഗോഡ് റെയിൽവേ സ്റ്റേഷൻ; ജീവൻ പൊലിയുമ്പോഴും നിസംഗതയോടെ അധികൃതർ
1453964
Wednesday, September 18, 2024 1:28 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവുമധികം വരുമാനമുള്ള റെയിൽവേ സ്റ്റേഷനാണ് കാസർഗോഡ്. പലതരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനവും നവീകരണപ്രവർത്തനങ്ങളുമൊക്കെ സ്ഥിരമായി നടക്കുന്നുണ്ട്. പക്ഷേ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സുരക്ഷിതത്വവും സൗകര്യങ്ങളും ഉറപ്പാക്കാൻ ഏറ്റവും ആവശ്യമുള്ള കാര്യങ്ങളിൽ റെയിൽവേ അധികൃതർ നിസംഗത തുടരുകയാണ്. കോട്ടയത്തുനിന്ന് കല്യാണം കൂടാനെത്തി ഇവിടെ റെയിൽപാളത്തിൽ പൊലിയേണ്ടിവന്ന മൂന്നു ജീവനുകൾ ഈ നിസംഗതയുടെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്.
താരതമ്യേന ചെറിയ സ്റ്റേഷനുകളിൽ പോലും മേൽപ്പാലം വന്നുകഴിഞ്ഞ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഒരു മേൽപ്പാലമെങ്കിലും വന്നത്. അതുതന്നെ പ്ലാറ്റ്ഫോമിന്റെ തെക്കുവശത്തായതുകൊണ്ട് കൂടുതൽ യാത്രക്കാർക്കും പ്രയോജനപ്പെടില്ലെന്ന കാര്യം അന്നുമുതൽ തന്നെ യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നതാണ്.
സ്റ്റേഷന്റെ പ്രവേശനകവാടവും നഗരത്തിലേക്കുള്ള റോഡുകളുമെല്ലാം ഉള്ളത് വടക്കുവശത്താണ്. അതുകൊണ്ടാണ് മേൽപ്പാലമുണ്ടായിട്ടും കൂടുതൽ യാത്രക്കാരും വടക്കുവശത്തെ ട്രോളി പാത്തിലൂടെ റെയിൽപാളം മുറിച്ചുകടക്കുന്ന സാഹചര്യമുണ്ടായത്.
കാഞ്ഞങ്ങാട് സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കണക്കിലെടുക്കുമ്പോൾ വർഷങ്ങൾക്കു മുമ്പുതന്നെ രണ്ടു ഭാഗത്തും മേൽപ്പാലങ്ങൾ ഉണ്ടാകേണ്ടതാണ്. എന്നാൽ മറ്റു പല കാര്യങ്ങൾക്കും ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും രണ്ടാമത്തെ മേൽപ്പാലത്തിന്റെ കാര്യം പിന്നത്തേക്ക് മാറ്റിവയ്ക്കുകയാണ് റെയിൽവേ അധികൃതർ ചെയ്തത്.
അതുമൂലം റെയിൽവേ അധികൃതരുടെയും പോലീസിന്റെയും കൺമുന്നിലൂടെതന്നെ ആളുകൾ പാളം മുറിച്ചുകടക്കുമ്പോഴും അത് തടയാനാകാത്ത സ്ഥിതിയായി. റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ മാത്രമല്ല, പൊതുജനങ്ങളും ഇതുവഴി പാളം മുറിച്ചുകടക്കുന്നുണ്ട്. കാൽനടയാത്രക്കാർക്ക് സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള റോഡുകളിലേക്ക് പ്രവേശിക്കാനുള്ള എളുപ്പവഴി പാളം മുറിച്ചുകടക്കലാണ്. ഇതേ പ്രശ്നം പ്ലാറ്റ്ഫോമിന്റെ തെക്കുവശത്തുമുണ്ട്. ഇവിടെ പാളം മുറിച്ചുകടക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചത് ഒരു വർഷം മുമ്പാണ്.
കാൽനടയാത്രക്കാർക്ക് മറുവശത്തെത്താൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ഇവിടെ നടപ്പാലം നിർമിക്കണമെന്ന ആവശ്യം അന്ന് ശക്തമായി ഉയർന്നതാണ്. പിന്നെ അതും പതിവുപോലെ ആറിത്തണുത്തു. ഇത്തവണ ദുരന്തം സംഭവിച്ചത് വടക്കുഭാഗത്തായിട്ടാണ്.പൊതുജനങ്ങൾക്കു വേണ്ടി നടപ്പാത നിർമിക്കുന്നത് റെയിൽവേയുടെ ചുമതലയല്ലാത്തതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സ്റ്റേഷന്റെ തെക്കും വടക്കും ഭാഗങ്ങളിൽ നടപ്പാതകൾ നിർമിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നുകേൾക്കുന്നതാണ്.
പക്ഷേ ഈ ആവശ്യവുമായി നഗരസഭയും ബഹുജനസംഘടനകളും പലതവണ മുന്നോട്ടുവന്നിട്ടും അതിന് അനുമതി നല്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതർ മെല്ലെപ്പോക്കിലായെന്നാണ് നാട്ടുകാരുടെ പരാതി. മറുവശത്തെത്താൻ റെയിൽപാളം മുറിച്ചുകടക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലെങ്കിലും റെയിൽപാളം മുറിച്ചുകടക്കുന്നത് അപകടകരവും ശിക്ഷാർഹവുമാണെന്ന കാര്യം മൈക്കിലൂടെ വിളിച്ചുപറയുന്നതിൽ ഒതുങ്ങുകയാണ് റെയിൽവേ അധികൃതരുടെ ഉത്തരവാദിത്വം.
മൂന്നു ജീവനുകൾ കൂടി പൊലിഞ്ഞ സാഹചര്യത്തിലെങ്കിലും വടക്കുഭാഗത്ത് മേൽപ്പാലത്തിന്റെ നിർമാണം പെട്ടെന്ന് തുടങ്ങുമോ എന്നാണ് ഇപ്പോൾ യാത്രക്കാർ ചോദിക്കുന്നത്.
പ്രവേശനകവാടത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്
റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ സ്വകാര്യ വാനങ്ങൾ നിർത്തി ആളുകളെ ഇറക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന പരാതി ദീർഘനാളായി കേൾക്കുന്നതാണ്. രാജപുരത്തു നിന്നെത്തിയ വിവാഹസംഘം സഞ്ചരിച്ച മിനി ബസ് പ്രവേശനകവാടത്തിനു സമീപം നിർത്താൻ കഴിയാത്തതിനാലാണ് ട്രോളി പാത്തിനു സമീപം നിർത്തി യാത്രക്കാരെ അതുവഴി ദുരന്തത്തിലേക്ക് ഇറക്കിവിട്ടത്.
റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടത്തിനു മുന്നിൽ വാഹനങ്ങൾക്ക് നിർത്താവുന്ന സ്ഥലം ഓട്ടോറിക്ഷാ സ്റ്റാൻഡും ഏതാനും ടാക്സികളും ചേർന്ന് കൈയടക്കിയിരിക്കുകയാണ്. മറ്റു സ്വകാര്യ വാഹനങ്ങൾ ഇവിടേക്ക് പ്രവേശിക്കുന്നതിനെ മിക്കപ്പോഴും ഇവർ തടയുന്നു. അതിനെ മറികടന്ന് മറ്റു വാഹനങ്ങൾ ഇവിടേക്ക് പ്രവേശിച്ചാലും വയോധികരടക്കമുള്ള യാത്രക്കാരെ ഇറക്കി പ്ലാറ്റ്ഫോം വരെ എത്തിക്കാനുള്ള സാവകാശം പോലും ഇവർ അനുവദിക്കാറില്ല. യാത്രക്കാർ സ്വയം ഇറങ്ങി പോയ്ക്കോട്ടെയെന്നാണ് ഇവരുടെ നിയമം. സ്ഥലപരിചയമില്ലാത്ത യാത്രക്കാരായാലും ഏതാനും മിനിറ്റുകളെങ്കിലും വാഹനം നിർത്തി ഒപ്പമുള്ളവർ കൂടി ഇറങ്ങി അവർക്ക് വഴി കാണിച്ചുകൊടുക്കാൻ ഇവർ അനുവദിക്കില്ല.
ഏതാനും മിനിറ്റ് നേരത്തേക്കായാലും വാഹനം നിർത്തണമെങ്കിൽ പാർക്കിംഗ് സ്ഥലത്തേക്ക് കയറ്റി ഫീസ് അടക്കണമെന്ന് ആവശ്യപ്പെടും. മലയോര മേഖലകളിൽ നിന്ന് തെക്കൻ ജില്ലകളിലേക്കും മറ്റുമുള്ള യാത്രക്കാരെയും കൊണ്ട് സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ മറ്റെങ്ങുമില്ലാത്ത ഈ നിയമം ദീർഘകാലമായി സഹിക്കുന്നതാണ്. ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ വശങ്ങളിലേക്ക് മാറ്റി റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ തന്നെ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവും ഏറെനാളായി ഉള്ളതാണ്.