ഉത്രാടപ്പാച്ചിലിൽ നാടുണർന്നു
1453542
Sunday, September 15, 2024 5:53 AM IST
കാഞ്ഞങ്ങാട്: ഓണത്തിരക്കിന്റെ കൊട്ടിക്കലാശമായ ഉത്രാടനാളിൽ നാടും നഗരവും ഉത്സവപ്പറമ്പുകളായി. ഇടയ്ക്കിടെ പരീക്ഷിച്ചെങ്കിലും അധികസമയവും മഴ മാറിനിന്നതോടെ ഉത്രാടവിപണിയിൽ ആൾത്തിരക്കേറി. വൈകുന്നേരമായപ്പോഴേക്കും കാഞ്ഞങ്ങാട് നഗരം ശ്വാസംവിടാൻപോലും ഇടമില്ലാത്തവിധം തിരക്കിലമർന്നു.
പാതയോരത്ത് നാനാവർണങ്ങളിലുള്ള പൂക്കൾക്കൊപ്പം റെഡിമെയ്ഡ് തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും ഫാൻസി സാധനങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞു. കാലത്തിനൊപ്പം മാറിക്കൊണ്ട് വഴിയോര കച്ചവടക്കാരിൽ പലരും ഡിജിറ്റൽ പേയ്മെന്റിനായി ക്യു ആർ കോഡ് പ്രദർശിപ്പിച്ചത് പുതുമയായി. സന്ധ്യയായതോടെ സാധനങ്ങൾ വിറ്റുതീർക്കാനുള്ള തിരക്കിൽ പലരും കൂടുതൽ വിലക്കുറവും ഓഫറുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു. രാത്രി തിരക്കൊഴിയാൻ തുടങ്ങിയതോടെ പൂക്കൾക്കും വിലകുറഞ്ഞു.
അവധിദിനമായിട്ടും വഴിയോര കച്ചവടക്കാരിൽനിന്നും ഫീസ് പിരിക്കാൻ നഗരസഭാ ഉദ്യോഗസ്ഥരും ഇറങ്ങിയിരുന്നു. നഗരത്തിൽ ആളേറിയതോടെ ഹോട്ടലുകളിലും തിരക്കേറി. ബസുകളും നിറഞ്ഞുകവിഞ്ഞു.
പഴയ പ്രതാപത്തോളമെത്തിയില്ലെങ്കിലും സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും ഓണച്ചന്തകളിലും സാമാന്യം തിരക്കുണ്ടായിരുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഏറെക്കാലത്തിനു ശേഷം ഏതാണ്ടെല്ലാ സബ്സിഡി സാധനങ്ങളും എത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. കാഞ്ഞങ്ങാട്ട് നടക്കുന്ന സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിൽ 20 ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്നു. കൺസ്യൂമർ ഫെഡിന്റെ നേരിട്ടുള്ള ഔട്ട്ലെറ്റുകളും വിവിധ സഹകരണസ്ഥാപനങ്ങളും മുഖേന ജില്ലയിൽ അഞ്ചു കോടിയോളം രൂപയുടെ കച്ചവടം നടന്നു.
മൈസൂരുവിലും ബംഗളൂരുവിലും നിന്നായി രണ്ടു ടണ്ണിലേറെ പൂക്കളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ ഓണവിപണിയിലെത്തിയത്. ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി പൂക്കൾക്കൊപ്പം കേരളത്തിൽ പ്രിയംകുറഞ്ഞ അരളിയും എത്തിയിരുന്നു.
ഓരോയിനം പൂക്കൾക്കും മുഴത്തിന് 30 രൂപ മുതൽ 50 രൂപ വരെയാണ് വിലയിട്ടിരുന്നത്. സന്ധ്യ കഴിഞ്ഞതോടെ പലയിടങ്ങളിലും ഇത് 20 രൂപ വരെയായി കുറഞ്ഞു. മത്സരങ്ങൾക്കും മറ്റുമായി കിലോക്കണക്കിന് വാങ്ങുന്നവർക്കും വിലയിൽ കുറവ് നല്കിയിരുന്നു.