എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം; സ്വകാര്യവ്യക്തികള്‍ക്കും സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമാകാം
1453177
Saturday, September 14, 2024 1:44 AM IST
കാസര്‍ഗോഡ്: ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതിന്റെ ഭാഗമായി സ്ഥലം ലഭ്യമല്ലാത്ത ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, മൊഗ്രാൽ-പുത്തൂര്‍, കുമ്പള, കാസര്‍ഗോഡ് നഗരസഭ, മധൂര്‍, ചെമ്മനാട്, ചെങ്കള, ബദിയടുക്ക, ബളാല്‍, കോടോം-ബേളൂര്‍, പനത്തടി, കാഞ്ഞങ്ങാട് നഗരസഭ, പള്ളിക്കര, ഉദുമ, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, വോര്‍ക്കാടി, എന്മകജെ, മംഗല്പാടി, പുത്തിഗെ, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം എന്നീ പഞ്ചായത്തുകളിലെ 55 അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനം, റവന്യൂ, പുറമ്പോക്ക്, വകുപ്പ്തലങ്ങളില്‍ സ്ഥലം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ സൗജന്യമായി അനുവദിക്കുന്നതിനും വിലകൊടുത്തു വാങ്ങി കൈമാറുന്നതിനും താത്പര്യമുള്ള വ്യക്തികള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു
ഈ വ്യക്തികളുടെ പേര് കെട്ടിടത്തില്‍ രേഖപ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു. കാസര്‍ഗോഡ് വികസന പാക്കേജ്, ജില്ലാ പഞ്ചായത്ത്, തദ്ദേശസവയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത ഫണ്ട് ഉപയോഗിച്ച് സ്ഥലം ലഭ്യമായിട്ടുള്ള എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഡീറ്റെയില്‍ഡ് പ്ലാന്‍ റിപ്പോര്‍ട്ട് ജില്ലാ നിര്‍മിതി കേന്ദ്രം തയാറാക്കി.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കാന്‍ സ്വകാര്യ വ്യക്തികളുടെ സഹകരണം കൂടി ലഭിച്ചാല്‍ ജില്ലയില്‍ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.