തെരുവോര കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരികൾ
1452900
Friday, September 13, 2024 1:30 AM IST
കോളിച്ചാൽ: ഓണക്കാലത്ത് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ വ്യാപകമാകുന്ന തെരുവോര കച്ചവടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാൽ യൂണിറ്റ് പനത്തടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ തങ്കച്ചൻ നല്കിയ പരാതി അനന്തര നടപടികൾക്കായി രാജപുരം പോലീസിന് കൈമാറി. സാമ്പത്തിക ഞെരുക്കവും ബിസിനസ് മാന്ദ്യവും മൂലം വ്യാപാര മേഖല തകർച്ചയെ നേരിടുമ്പോൾ കാര്യമായ മൂലധന നിക്ഷേപം ഇല്ലാതെ നിസാര മുതൽമുടക്കിൽ തെരുവോര കച്ചവടം നടത്തുന്നവർ ചെറുകിട കച്ചവടക്കാർക്ക് ഭീഷണിയാവുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
വ്യാപാരികൾ മുറിവാടകയും വൈദ്യുതിച്ചെലവും ജീവനക്കാരുടെ ശമ്പളവും പോലും നല്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഓണത്തിരക്കിനിടയിലെ ഗതാഗത തടസം ഒഴിവാക്കാനും വഴിയോര കച്ചവടം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് പരാതിയിൽ പറയുന്നു.