കടലാടിപ്പാറയിൽ ‘കാക്കപ്പൂ’ വസന്തം
1452620
Thursday, September 12, 2024 1:41 AM IST
ബിരിക്കുളം: ഓണത്തിന്റെ വരവറിയിച്ച് കടലാടിപ്പാറയിൽ കാക്കപ്പൂക്കളുടെ നീലവസന്തം. ജമന്തിയും ചെണ്ടുമല്ലിയുമൊക്കെ വരുന്നതിനുമുമ്പ് ഓണപ്പൂക്കളങ്ങളിലെ അവിഭാജ്യഘടകമായിരുന്നു കാക്കപ്പൂക്കൾ. മണിക്കൂറുകളോളം ക്ഷമയോടെ നിന്ന് ഇലക്കുമ്പിളിലും പൂക്കുടയിലുമൊക്കെയായി കാക്കപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ പഴയ കാലങ്ങളിൽ പതിവുകാഴ്ചയായിരുന്നെങ്കിൽ ഇന്ന് ഓണത്തിന്റെ ഗൃഹാതുര സ്മരണകളിലൊന്നാണ്. ആ ഗൃഹാതുരത്വം മനസിലുള്ളവർ ഇപ്പോൾ അവരുടെ കുട്ടികളെയും കൊണ്ട് ഇവിടെയെത്താറുണ്ട്. പക്ഷേ കാക്കപ്പൂക്കൾക്കിടയിൽ നിന്ന് പടമെടുക്കുന്നതിലാകും കൂടുതൽ ശ്രദ്ധ.
കുന്നിടിക്കലും മണ്ണെടുപ്പുമൊക്കെ വ്യാപകമായതോടെ കാക്കപ്പൂവും തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം നാട്ടിൽ പേരിനു മാത്രമായി. കടലാടിപ്പാറയും വർഷങ്ങൾക്കു മുമ്പേ ഖനനം ചെയ്ത് തീരേണ്ടതായിരുന്നു. നാളുകൾ നീണ്ട ജനകീയ സമരത്തിനൊടുവിലാണ് ഇവിടുത്തെ ഖനനപദ്ധതി ഉപേക്ഷിക്കപ്പെട്ടത്.
200 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അപൂർവ സസ്യജാലങ്ങളുടെ കലവറയായ ഇവിടം ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വിനോദസഞ്ചാര വികസന പദ്ധതികൾക്കായും ആവശ്യമുയർന്നിട്ടുണ്ട്.
ഈ പാറയ്ക്കു മുകളിൽ ചില ഭാഗങ്ങളിൽ നിന്ന് കടലോളം ദൂരക്കാഴ്ചകൾ കാണാൻ കഴിയും. ഇവിടെ ഒബ്സർവേറ്ററിയും ഇരിപ്പിടങ്ങളും കുട്ടികളുടെ പാർക്കും ചെറു കോട്ടേജുകളും ലഘുഭക്ഷണശാലകളുമൊക്കെ സജ്ജീകരിച്ചാൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.
കാക്കപ്പൂവിനൊപ്പം കായാമ്പൂ, കൊങ്ങിണിപ്പൂ, എള്ളുംപൂ തുടങ്ങി മലയാളികളിൽ ഗൃഹാതുരത്വമുണർത്തുന്ന മറ്റു പല പൂക്കളും കടലാടിപ്പാറയിലുണ്ട്. പള്ളങ്ങളെന്ന് നാട്ടുഭാഷയിൽ വിളിക്കുന്ന തെളിനീർ തടാകങ്ങളും അവയിൽ നീന്തിത്തുടിക്കുന്ന കാട്ടുതാറാവിൻ കൂട്ടങ്ങളും ഇവിടുത്തെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുന്നു. രാവിലെയും വൈകിട്ടും പല നിറങ്ങളും ശബ്ദങ്ങളുമായി ചെറുതും വലുതുമായ ഒട്ടനവധി പക്ഷികളെയും ഇവിടെ കാണാൻ കഴിയും.