സംസ്ഥാനപാതയുടെ ശോചനീയാവസ്ഥയ്ക്കെതിരേ മലനാട് വികസനസമിതി സമരത്തിലേക്ക്
1452338
Wednesday, September 11, 2024 1:46 AM IST
ബളാംതോട്: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ കോളിച്ചാൽ മുതൽ പാണത്തൂർ വരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ജനകീയ സമരം തുടങ്ങാൻ മലനാട് വികസന സമിതി. ഇതിനായുള്ള അടിയന്തര ആലോചനായോഗം ഇന്നു വൈകുന്നേരം നാലിന് ബളാംതോട് ക്ഷീരോത്പാദകസംഘം ഹാളിൽ നടക്കുമെന്നും എല്ലാ വിഭാഗം ആളുകളും യോഗത്തിൽ പങ്കെടുക്കണമെന്നും സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട്, കൺവീനർ ബാബു കദളിമറ്റം എന്നിവർ പറഞ്ഞു.
സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികൾ തുടങ്ങി ഒന്നര പതിറ്റാണ്ടോളമായിട്ടും 25 ശതമാനം പ്രവൃത്തികൾ ബാക്കിനില്‍ക്കുകയാണ്. ഏറെ മുറവിളികൾക്കു ശേഷം രണ്ടുവർഷം കൊണ്ട് പുടംകല്ല് മുതൽ കോളിച്ചാൽ 18-ാം മൈൽ വരെയുള്ള ഒമ്പത് കിലോമീറ്റർ ഭാഗം ഒരുപാളി ടാറിംഗ് നടത്തിയതാണ് സമീപകാലത്തുണ്ടായ ഏക ആശ്വാസം.
കോളിച്ചാലിൽ നിന്ന് പാണത്തൂർ വരെയുള്ള ഒമ്പത് കിലോമീറ്റർ റോഡ് പാടേ തകർന്നു കിടക്കുകയാണ്. ജനങ്ങൾ കടുത്ത യാത്രാദുരിതം നേരിടുമ്പോഴും ഇവിടെ താത്കാലിക അറ്റകുറ്റപ്പണികൾ നടത്താനോ കരാർ കാലാവധി നീട്ടിനൽകിയിട്ടും റോഡ് പണി വേഗത്തിലാക്കാനോ ആവശ്യമായ നടപടികൾ കരാറുകാരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
ഇപ്പോഴത്തെ നില തുടർന്നാൽ കോളിച്ചാൽ മുതൽ പാണത്തൂർ വരെയുള്ള റോഡ് നവീകരണം പൂർത്തിയാകാൻ ഇനിയും രണ്ടോ മൂന്നോ വർഷം വേണ്ടിവരുമെന്ന അവസ്ഥയാണ്. ഇത് യാത്രാദുരിതമനുഭവിക്കുന്ന മലയോര ജനതയോടുള്ള തികഞ്ഞ അവഗണനയാണെന്നും മലനാട് വികസനസമിതി ഭാരവാഹികൾ പറഞ്ഞു.