മെക്കാഡം റോഡ് ചെളിക്കുളമായി
1451818
Monday, September 9, 2024 1:11 AM IST
മാലക്കല്ല്: പൂക്കയം-ആനക്കല്ല് റോഡിൽ ചിറക്കോട് കുരിശുപള്ളിക്ക് സമീപം അശാസ്ത്രീയമായ കലുങ്ക് നിർമാണം മൂലം ചെളിവെള്ളം കെട്ടിക്കിടക്കുന്നത് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സമീപത്തെ വീടുകൾക്കും ദുരിതമായി.
റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കലുങ്കിലൂടെ ഒഴുക്കിവിടാൻ സംവിധാനമില്ലാത്തതാണ് മെക്കാഡം റോഡ് ചെളിക്കുളമാകാൻ കാരണമായതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ നിർമാണ ഘട്ടത്തിൽ തന്നെ ഇക്കാര്യം കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ആവശ്യമായ നടപടികളില്ലാതിരുന്നതാണ് ഈ അവസ്ഥയിലെത്തിച്ചത്.
മഴ പെയ്യുമ്പോൾ പൂക്കയം പള്ളിയിലേക്കും മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലും ടൗണിലെ വിവിധ ഇടങ്ങളിലേക്കും നടന്നു പോകുന്നവർ പോലും ചെളിവെള്ളത്തിനു നടുവിലാണ്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്.