വേണം, കുഴികളില്ലാപാത
1451694
Sunday, September 8, 2024 6:58 AM IST
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലെ പണി നടന്നുകൊണ്ടിരിക്കുന്ന കോളിച്ചാൽ - പാണത്തൂർ റോഡിൽ തകർന്നു കിടക്കുന്ന ഭാഗങ്ങൾ അടച്ച് യാത്രയോഗ്യമാക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ മാസം പാണത്തൂരിൽ നടന്ന റോഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്ന് കുഴികൾ അടക്കുവാൻ കരാർ കമ്പനിക്ക് നിർദേശം നല്കിയിട്ടും റോഡ് തകർന്നുകിടക്കുന്ന മിക്ക സ്ഥലങ്ങളിലും കരാർ കമ്പനി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു. പാണത്തൂർ ചിറംകടവ് പമ്പ് ഹൗസിനു മുന്നിൽ വലിയ അപകടകുഴികൾ രൂപപെട്ടിട്ടുണ്ട്.
കോളിച്ചാൽ പള്ളിക്ക് മുന്നിൽ, എച്ച്ആർഎസ് ഹോസ്പിറ്റലിന് സമീപം തുടങ്ങി നിരവധി സ്ഥലങ്ങളിൽ വാഹനയാത്ര ദുഷ്കരമാണ്. ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ റോഡ് നവീകരണപ്രവർത്തികൾ കാര്യമായ പുരോഗതി ഇനിയും ഇഴഞ്ഞു നീങ്ങുന്നതേയുള്ളൂ. കോളിച്ചാൽ മുതൽ ചിറംകടവ് വരെയുള്ള റോഡിലെ കുഴികൾ താത്കാലികമായി അടച്ച് യാത്രദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാകുവാനും റോഡ് നവീകരണപ്രവർത്തികൾ വേഗത്തിൽ ആകുവാനുമുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.